ജെഎൻയു അക്രമം മുംബൈ ഭീകരാക്രമണത്തെ ഓർമ്മിപ്പിക്കുന്നുവെന്ന് ഉദ്ധവ് താക്കറേ

By Web TeamFirst Published Jan 7, 2020, 9:02 AM IST
Highlights

മുഖംമൂടിയെത്തിയ അക്രമകാരികള്‍ ആരെന്ന് വെളിച്ചത്ത് കൊണ്ടുവരണമെന്നും രാജ്യത്ത് പലയിടത്തും വിദ്യാര്‍ഥികള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. 

ദില്ലി: ജെഎൻയുവിൽ വിദ്യാർത്ഥികളും അധ്യാപകരും അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്  താക്കറേ. ജെഎൻയു അക്രമം 2008 ലെ മുംബൈ ഭീകരാക്രമണത്തെ ഓർമ്മിപ്പിക്കുന്നുവെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. മുഖം മൂടിയെത്തിയ അക്രമകാരികള്‍ ആരെന്ന് വെളിച്ചത്ത് കൊണ്ടുവരണമെന്നും രാജ്യത്ത് പലയിടത്തും വിദ്യാര്‍ഥികള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റാണ് ചെയ്യുന്നതെന്ന് ഉറപ്പുള്ളതു കൊണ്ടാണ് അവർ മുഖം മറച്ചെത്തിയതെന്നും ആരൊക്കെയാണ് അക്രമത്തിന് പിന്നിലെന്ന് പൊതുജനങ്ങളെ കാണിച്ചു കൊടുക്കണമെന്നും ഉദ്ധവ് താക്കറേ കൂട്ടിച്ചേര്‍ത്തു.

മുഖം മറച്ച് ആക്രമണം നടത്തിയവര്‍ ഭീരുക്കളാണ്. ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും താക്കറെ പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ അപലപനീയമാണെന്നും മഹാരാഷ്ട്രയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും താക്കറെ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഒരു വിദ്യാര്‍ത്ഥി പോലും ഭയപ്പെടേണ്ടതില്ലെന്നും ആവശ്യമെങ്കില്‍ മഹാരാഷ്ട്രയിലെ സര്‍വകലാശാലകളില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തില്‍ മഹാരാഷ്ട്രയിലെ ആരും ഭയക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജെഎന്‍യു അക്രമത്തെ അപലപിച്ച് സോണിയാ ഗാന്ധിയും രംഗത്തെത്തി. യുവാക്കളുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടം നിരന്തര ശ്രമം നടത്തുന്നു. അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ എത്രത്തോളം പോകുമെന്നതിന്റെ തെളിവാണ് ജെ.എന്‍.യുവെന്നും സോണിയ ആരോപിച്ചു. മോദി സർക്കാരിന്റെ സഹായത്തോടെയാണ് ഗുണ്ടകൾ വിദ്യാർത്ഥികൾക്കെതിരെ ആക്രമം അഴിച്ച് വിട്ടതെന്നും സോണിയ കുറ്റപ്പെടുത്തി. ജെഎൻയുവിലെ അക്രമത്തെക്കുറിച്ച് സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു.
 

click me!