
ഒക്ടോബർ 21-ന് നടന്ന ഹരിയാനാ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം കിട്ടാതെ പോയ സാഹചര്യത്തിൽ, ബിജെപി കേവലഭൂരിപക്ഷം തികയ്ക്കാനായി ആളെക്കൂട്ടുന്ന തിരക്കിലാണ്. തൊണ്ണൂറിൽ നാൽപതു സീറ്റുനേടിയ ബിജെപിക്ക് ഇനി വേണ്ടത് ആറു സീറ്റാണ്. അതിനുവേണ്ടി ബിജെപി വക്താക്കളിൽ പലരും ഓഫറുകളുമായി ഏഴു സ്വതന്ത്ര സ്ഥാനാർത്ഥികളടക്കമുള്ളവരെ സമീപിച്ചു കഴിഞ്ഞു. അക്കൂട്ടത്തിൽ ഒരാൾ ഹരിയാനാ ലോക് ഹിത് പാർട്ടി എംഎൽഎ ഗോപാൽ കാണ്ടയാണ്.
എന്നാൽ, വിവാദപൂരിതമായ ഒരു ഭൂതകാലമാണ് കാണ്ടയുടേത്. MDLR എയർലൈൻസ് എന്ന തന്റെ സ്ഥാപനത്തിലെ എയർ ഹോസ്റ്റസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നയാളാണ് സിർസ മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറിയ ഗോപാൽ കാണ്ട. ഭൂരിപക്ഷം തികയ്ക്കാൻ വേണ്ടി ആരോടും കൂട്ടുകൂടാൻ തയ്യാറെടുക്കുന്ന ബിജെപിക്ക് പാർട്ടിക്കുള്ളിൽ നിന്നുതന്നെ മുന്നറിയിപ്പുകൾ വന്നുതുടങ്ങിയിട്ടുണ്ട്. ആദ്യ മുന്നറിയിപ്പ് വന്നിരിക്കുന്നത്. പാർട്ടി വൈസ് പ്രസിഡന്റ് കൂടിയായ ഉമാ ഭാരതിയിൽ നിന്നാണ്. നരേന്ദ്ര മോദിയുടെ ആദ്യമന്ത്രിസഭയിൽ ഗംഗാ പുനരുജ്ജീവനം അടക്കമുള്ള പല വകുപ്പുകളും കൈകാര്യം ചെയ്തിട്ടുള്ള ഉമാ ഭാരതി, ഇപ്പോൾ ഹിമാലയത്തിൽ ഗംഗാ നദീതടത്തിൽ ധ്യാനനിരതയായി സമയം ചെലവിട്ടുകൊണ്ടിരിക്കുകയാണ്. അവിടെ നിന്നാണ് ഉമാ ഭാരതി 'ഗോപാൽ കാണ്ടയെ സൂക്ഷിക്കണം' എന്ന ധ്വനിയോടുള്ള ട്വീറ്റ് ചെയ്തിരിക്കുന്നത്.
ട്വീറ്റിൽ ഉമാ ഭാരതി ഇപ്രകാരം എഴുതി, " തെരഞ്ഞെടുപ്പിലെ ജയം ഗോപാൽ കാണ്ടയെ കുറ്റവിമുക്തനാക്കുന്നില്ല. തെരഞ്ഞെടുപ്പിലെ ജയം പല ഘടകങ്ങളുടെയും കൂട്ടായ പ്രവർത്തനഫലമാണ്. പാർട്ടിയുടെ അടിസ്ഥാനപരമായ ധാർമികതയെ മറന്നുകൊണ്ട് പ്രവർത്തിക്കില്ല ബിജെപി എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.." മോദിയെ ഹരിയാനയിലെ ഉജ്ജ്വലമായ പ്രകടനത്തിന്റെ പേരിൽ അഭിനന്ദിച്ച ഉമാ ഭാരതി, മന്ത്രിസഭയിലേക്ക് ആളെ തെരഞ്ഞെടുക്കുമ്പോൾ കൂടി അവധാനത പുലർത്തണം എന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചു.
" ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യാൻ കാരണമായത് കാണ്ടയാണ് എന്നാണ് ആക്ഷേപം. ആ പെൺകുട്ടിയ്ക്ക് നീതി കിട്ടാത്തതിന്റെ പേരിൽ അവളുടെ അമ്മയും ജീവനൊടുക്കിയിട്ടുണ്ട്. ആ കേസ് ഇനിയും തീർപ്പായിട്ടില്ല. അത് നിയമത്തിന്റെ വഴിയിൽ തീരുമാനമാകേണ്ട ഒന്നാണ്. കാണ്ട എന്ന ഈ വ്യക്തി ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങിയാണ് തെരഞ്ഞടുപ്പിൽ മത്സരിച്ച് ജയിച്ചിരിക്കുന്നത്, അയാളെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല"
ലൈംഗികമായി ദുരുപയോഗം ചെയ്ത കാണ്ട തന്നെയാണ് തന്നെ ആത്മഹത്യക്കും പ്രേരിപ്പിച്ചത് എന്ന് ആത്മഹത്യാക്കുറിപ്പെഴുതി വെച്ചിട്ടായിരുന്നു MDLR എയർലൈൻസിൽ എയർ ഹോസ്റ്റസ് ആയിരുന്ന യുവതിയുടെ ആത്മഹത്യ. 2014-ൽ ലൈംഗിക ചൂഷണത്തിന്റെ ആരോപണങ്ങളിൽ നിന്ന് ദില്ലി ഹൈക്കോടതി കാണ്ടയെ മുക്തനാക്കിയെങ്കിലും മറ്റ് കുറ്റങ്ങളിന്മേലുള്ള വിചാരണ പുരോഗമിക്കുന്നതേയുള്ളൂ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam