പൗരത്വ നിയമഭേദഗതി: കക്ഷി ചേരാൻ യുഎൻ മനുഷ്യാവകാശ സമിതി സുപ്രീംകോടതിയിൽ

By Web TeamFirst Published Mar 3, 2020, 2:19 PM IST
Highlights

ഇതോടെ, സിഎഎയെ എതിർത്തും അനുകൂലിച്ചും, ഇന്ത്യയിൽ നടക്കുന്ന നിയമപോരാട്ടം അന്താരാഷ്ട്രസമൂഹത്തിന് മുന്നിലെത്തുകയാണ്. ഇതിലൂടെ ഇന്ത്യക്ക് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ഏറുകയാണെന്നത് വ്യക്തം.

ദില്ലി: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട നിയമയുദ്ധത്തിൽ നിർണായകമായ ഇടപെടലുമായി ഐക്യരാഷ്ട്രസഭ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണർ സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി. പൗരത്വ നിയമഭേദഗതിയെ എതിർത്തുകൊണ്ടാണ് ഈ നീക്കം. എന്നാൽ ഇതിനെ കേന്ദ്ര വിദേശകാര്യമന്ത്രാലയം ശക്തമായ ഭാഷയിൽ എതിർത്തു. ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണിതെന്നും, സിഎഎ ഭരണഘടനാപരമായി നിലനിൽക്കുന്നതാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ലെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ഇതോടെ, സിഎഎയെ എതിർത്തും അനുകൂലിച്ചും, ഇന്ത്യയിൽ നടക്കുന്ന നിയമപോരാട്ടം അന്താരാഷ്ട്രസമൂഹത്തിന് മുന്നിലെത്തുകയാണ്. ഇതിലൂടെ ഇന്ത്യക്ക് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ഏറുകയാണെന്നത് വ്യക്തം. ഐക്യരാഷ്ട്രസഭയ്ക്ക് ഇതിൽ കക്ഷി ചേരാൻ സുപ്രീംകോടതി അനുമതി നൽകുമോ ഇല്ലയോ എന്നതാണ് ഇനി നിർണായകം. ഇത് ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും, പുറത്തു നിന്നുള്ള ഒരു ഏജൻസി ഇടപെടരുതെന്നും ശക്തമായി കോടതിയിൽ കേന്ദ്രസർക്കാർ വാദിക്കുമെന്നുറപ്പാണ്. പ്രത്യേകിച്ച് സിഎഎയിൽ നിന്ന് പിൻമാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ അടക്കമുള്ളവർ പല തവണ വ്യക്തമാക്കിയ സാഹചര്യത്തിൽ.

ജനീവയിലെ ഇന്ത്യയുടെ സ്ഥിരം സമിതിയെ തിങ്കളാഴ്ച, ഇത്തരത്തിൽ ഐക്യരാഷ്ട്രസഭ സിഎഎയ്ക്ക് എതിരെ കക്ഷി ചേരാൻ അനുമതി തേടി അപേക്ഷ നൽകുമെന്ന് അറിയിച്ചതായി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ, നിയമരൂപീകരണത്തിനുള്ള പരമാധികാരം ഇന്ത്യൻ പാർലമെന്‍റിനാണെന്നും, ഇതിൽ ഇടപെടാൻ പുറത്തു നിന്നുള്ള ഒരു ഏജൻസിക്കും അവകാശമില്ലെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. 

''പുറത്തു നിന്നുള്ള ഒരു വിദേശ ഏജൻസിക്കും, ഇതിൽ ഇടപെടാൻ അവകാശമില്ല. ഇത് ഇന്ത്യയുടെ പരമാധികാരത്തെ സംബന്ധിക്കുന്ന വിഷയമാണ്'', എന്ന് വിദേശകാര്യമന്ത്രാലയം. 

നേരത്തേ പൗരത്വ നിയമഭേദഗതി രാജ്യത്തെ ഇരുപാർലമെന്‍റുകളിലും പാസ്സാക്കിയപ്പോൾ, യുഎൻ മനുഷ്യാവകാശ സമിതി ഇതിനെ അപലപിച്ച് പ്രസ്താവന പുറത്തിറക്കിയിരുന്നതാണ്. ''അടിസ്ഥാനപരമായി വിവേചനപരമാണ് സിഎഎ, അഥവാ പൗരത്വ നിയമഭേദഗതി'', എന്നാണ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. 

''ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുന്ന നിയമം, ഇന്ത്യൻ ഭരണഘടനയിൽ നിക്ഷിപ്തമായിരിക്കുന്ന തുല്യത എന്ന അവകാശത്തെ ഹനിക്കുന്നതാണെന്ന് വ്യക്തമാണ്. ഇത് വംശീയവിവേചനത്തിനെതിരായി ലോകരാജ്യങ്ങൾ ഒപ്പുവച്ച കരാറിന് വിപരീതമാണ്. ഇത്തരമൊരു കരാറിൽ ഇന്ത്യ കൂടി ഒപ്പുവച്ചിട്ടുള്ളതാണെന്നിരിക്കെ, വംശ, മതാടിസ്ഥാനങ്ങളിൽ വിവേചനം ഏർപ്പെടുത്തുന്ന ഒരു നിയമവും പാർലമെന്‍റിൽ പാസ്സാക്കാൻ പാടുള്ളതല്ല. മാത്രമല്ല, ഇന്ത്യൻ പൗരത്വം നേടുന്നതിൽ വിവേചനപരമായ സമീപനവും ഈ നിയമം സ്വീകരിക്കുന്നു'', എന്ന് യുഎൻ മനുഷ്യാവകാശസമിതി വക്താവ് ജെറമി ലോറൻസ് പ്രസ്താവനയിൽ പറഞ്ഞു.

സുപ്രീംകോടതിയിൽ സിഎഎയെ എതിർത്ത് 140 ഹർജികളാണുള്ളത്. നിയമത്തിന്‍റെ ഭരണഘടനാപരമായ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജികൾ. ഹർജികളുടെ അടിസ്ഥാനത്തിൽ ജനുവരി 22-ന് കേന്ദ്രസർക്കാരിന് നോട്ടീസയച്ച കോടതി, അഞ്ചാഴ്ചയ്ക്ക് ശേഷം ഹർജികൾ പരിഗണിക്കാമെന്ന് വ്യക്തമാക്കിയിരിക്കവെയാണ് യുഎന്നിന്‍റെ ഇടപെടൽ.

click me!