തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ ടിവികെ പാർട്ടി നടത്തിയ പ്രതിഷേധത്തിനിടെ പാർട്ടി പ്രവർത്തകൻ പൊലീസുകാരനെ കടിക്കാൻ ശ്രമിച്ചു. റിക്രിയേഷൻ സെൻ്ററിൻ്റെയും മദ്യവിൽപ്പന ശാലയുടെയും മറവിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം

ചെന്നൈ: തമിഴ്‌നാട്ടിലെ ധർമപുരിയിൽ നടൻ വിജയ്‌യുടെ ടി വി കെ പാർട്ടി നടത്തിയ പ്രതിഷേധത്തിനിടെ പൊലീസുകാരനെ കടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമം. ധർമപുരിയിൽ റിക്രിയേഷൻ സെൻ്ററിൻ്റെയും സമീപത്തെ മദ്യവിൽപ്പന ശാലയുടെയും മറവിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. പാർട്ടി പ്രവർത്തകനായ യുവാവാണ് പൊലീസുകാരനെ കടിക്കാൻ ശ്രമിച്ചത്. എന്നാൽ തലനാരിഴയ്ക്ക് പൊലീസുകാരൻ രക്ഷപ്പെട്ടു. 

സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. ധർമപുരിയിലെ ഒരു റിക്രിയേഷൻ സെൻ്ററും സമീപത്ത് പ്രവർത്തിക്കുന്ന തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ്റെ ബാറിൻ്റെയും മറവിൽ നിയമവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഈ റിക്രിയേഷൻ സെൻ്ററിലേക്ക് കഴിഞ്ഞ ദിവസം ടിവികെ പ്രവർത്തകർ അനധികൃതമായി കയറി. ഇവരെ തടയാൻ പൊലീസും ശ്രമിച്ചു. ഈ ബലപ്രയോഗം കയ്യാങ്കളിയിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് സംഭവം.

സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്ന ക്യാമറയിലാണ് ടിവികെ പ്രവർത്തകൻ പൊലീസുകാരനെ കടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. എന്നാൽ പൊലീസുകാരൻ ഉടൻ കൈ പുറകോട്ട് വലിച്ചതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പ്രതിഷേധക്കാരായ നിരവധി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.