'പ്രചോദനമാകുന്ന സ്ത്രീകൾക്ക് എന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ': പ്രഖ്യാപനവുമായി മോദി

By Web TeamFirst Published Mar 3, 2020, 1:41 PM IST
Highlights

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കുകയാണെന്നും, ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉടൻ പറയാമെന്നുമാണ് മോദി ട്വീറ്റ് ചെയ്തിരുന്നത്. 'നോ സർ' എന്ന ഹാഷ് ടാഗ് ക്യാംപെയ്ൻ ഇതിനെതിരെ വ്യാപകമായിരുന്നു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹ്യമാധ്യമങ്ങൾ ഉപേക്ഷിക്കില്ല. പ്രചോദനമാകുന്ന സ്ത്രീകൾക്കായി വനിതാ ദിനത്തിൽ തന്‍റെ സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകൾ കൈമാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ''ഈ വനിതാ ദിനത്തിൽ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്ത്രീകൾക്ക് ഉപയോഗിക്കാം. സ്വജീവിതത്തിലൂടെ അനേകർക്ക് പ്രചോദനമായ സ്ത്രീകൾക്കായി അക്കൗണ്ടുകൾ കൈമാറും. ഇത് അവർക്ക് വലിയ പ്രചോദനം നൽകാൻ സഹായകമാകും'', മോദി ട്വിറ്ററിൽ കുറിച്ചു.  

''നിങ്ങൾ അത്തരമൊരു സ്ത്രീയാണോ, അല്ലെങ്കിൽ പ്രചോദനമായ അത്തരം സ്ത്രീകളെ അറിയാമോ? അറിയാമെങ്കിൽ #SheInspiresUs എന്ന ഹാഷ്‍ടാഗിൽ അറിയിക്കൂ'', എന്ന് മോദി പറയുന്നു. 

This Women's Day, I will give away my social media accounts to women whose life & work inspire us. This will help them ignite motivation in millions.

Are you such a woman or do you know such inspiring women? Share such stories using . pic.twitter.com/CnuvmFAKEu

— Narendra Modi (@narendramodi)

മാതൃകയായ സ്ത്രീകളെക്കുറിച്ച്, ട്വിറ്ററിലോ ഫേസ്ബുക്കിലോ, ഇൻസ്റ്റഗ്രാമിലോ ഈ ഹാഷ്‍ടാഗുമായി ട്വീറ്റ് ചെയ്യണം. അവരെക്കുറിച്ച് ഒരു വീഡിയോ ഷൂട്ട് ചെയ്ത്, ഇതേ ഹാഷ് ടാഗുമായി യൂട്യൂബിലും പ്രസിദ്ധീകരിക്കാം. 

തെരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രധാനമന്ത്രിയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ അനുമതി ലഭിക്കും - എന്നും മോദി വ്യക്തമാക്കുന്നു.

ഞായറാഴ്ച സാമൂഹിക മാധ്യമങ്ങൾ ഒഴിവാക്കുമെന്നാണ് നരേന്ദ്ര മോദി നേരത്തേ അറിയിച്ചത്. അക്കൗണ്ടുകൾ ഉപേക്ഷിക്കുമെന്നല്ല, വനിതാ ദിനമായ അന്ന് അവ കൈകാര്യം ചെയ്യുന്നത് സ്ത്രീകളായിരിക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി നൽകിയതെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നതാണ്. 

സാമൂഹിക മാധ്യമങ്ങൾ ഉപേക്ഷിക്കുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി  ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ നമോ ആപ്പിനെ പരാമർശിച്ചിരുന്നില്ല. ഇത്  ആശയവിനിമയം മൊബൈൽ ആപ്ലിക്കേഷനിലൂടെ മാത്രമാക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്നാണ് ആദ്യം അഭ്യൂഹങ്ങൾ ഉയർന്നിരുന്നത്. ചൈനയുടെ തദ്ദേശീയ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം ആയ വെയ്ബോയുടെ മാതൃകയിൽ ഇന്ത്യൻ നിർമ്മിത മാധ്യമം കൊണ്ടുവരാനുള്ള പദ്ധതിയുടെ തുടക്കമാണെന്നും  അഭ്യൂഹങ്ങളുയർന്നു.

ഇന്ത്യയിൽ സാമൂഹ്യമാധ്യമങ്ങൾ നിരോധിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നായിരുന്നു മറ്റൊരു പ്രചാരണം. അത്തരത്തിൽ പ്രചാരണമുണ്ടെന്ന് എംപി ശശി തരൂർ തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുകയും ചെയ്തു.

സാമൂഹിക പ്രശ്നങ്ങളിൽ ക്യാംപയിനുകൾ പ്രോത്സാഹിപ്പിക്കാറുള്ള പ്രധാനമന്ത്രി സാമൂഹിക മാധ്യമങ്ങൾ വിദ്വേഷം കലർന്ന പ്രചരണങ്ങൾക്ക് ഉപയോഗിക്കരുതെന്ന സന്ദേശം നൽകാനാണ് അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

അതേസമയം, ദില്ലിയിലെ കലാപത്തിൽ നിന്നും സിഎഎ വിരുദ്ധ സമരത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മോദിയുടെ ഈ നാടകമെന്ന് പ്രതിപക്ഷവും ആരോപണമുയർത്തി. ''സോഷ്യൽ മീഡിയയല്ല, വിദ്വേഷം ഉപേക്ഷിക്കൂ'' എന്നാണ് രാഹുൽ ഗാന്ധി ഇതിനോട് പ്രതികരിച്ചത്.

എന്തായാലും ഈ സസ്പെൻസുകൾക്കെല്ലാം അവസാനമായി. മോദി സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നില്ല. പകരം ഒരു ദിവസത്തേക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈമാറുക മാത്രമേ ചെയ്യുന്നുള്ളൂ.

click me!