അതിൽ ബോംബല്ല, കളിപ്പാട്ടങ്ങളും ചോക്ലേറ്റും! ദില്ലി വിമാനത്താവളത്തിൽ ഭീതി പരത്തിയ ബാഗിന്‍റെ കഥ

By Web TeamFirst Published Nov 2, 2019, 7:05 AM IST
Highlights

ബാഗ് കാണാതായി ഏതാണ്ട് 16 മണിക്കൂർ കഴി‌ഞ്ഞാണ് ഹരിയാന സ്വദേശി ഷാഹിദ് ഹുസൈൻ വിമാനത്താവള അധികൃതരെ വിവരമറിയിക്കുന്നത്. ദില്ലി വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിന് പുറത്ത് വച്ച് ഈ ബാഗ് ഇദ്ദേഹം മറന്നുപോയതാണ്.

ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുരൂഹസാഹചര്യത്തിൽ ബാഗ് കണ്ടെത്തി, ഉള്ളിൽ ആർഡിഎക്സെന്ന് സംശയം - രാജ്യതലസ്ഥാനത്തെ ഇന്നലെ പരിഭ്രാന്തിയിലാഴ്‍ത്തിയ വാർത്തയാണിത്. ബാഗ് കണ്ടെത്തിയ വാർത്ത വന്നതിന് പിന്നാലെ ദില്ലി വിമാനത്താവളത്തിൽ മാത്രമല്ല, രാജ്യതലസ്ഥാനത്തെ പ്രധാനകേന്ദ്രങ്ങളിലും സുരക്ഷ കൂട്ടാനും തീരുമാനമായി.

എന്നാൽ ഇന്‍റലിജൻസ്, പൊലീസ് വൃത്തങ്ങളെ പരിഭ്രാന്തിയിലാക്കിയ ഈ ബാഗിൽ ആർഡിഎക്സല്ല, വെറും ചോക്ലേറ്റുകളും കുറച്ച് കളിപ്പാട്ടങ്ങളും മാത്രമേയുള്ളൂ എന്ന് വ്യക്തമായത് രാത്രി വൈകിയാണ്. മുംബൈയിൽ നിന്ന് ദില്ലിയിലേക്ക് വന്ന ഹരിയാന സ്വദേശിയുടേതായിരുന്നു ബാഗ്. മൂന്നാം ടെർമിനലിന് മുന്നിൽ നിന്ന് വണ്ടി വിളിക്കാൻ ധൃതിപ്പെട്ട് പോകുന്നതിനിടെ മറന്നുപോയതാണ്. 

ബാഗ് മറന്ന് ഏതാണ്ട് 16 മണിക്കൂറിന് ശേഷമാണ് ഹരിയാന സ്വദേശി ഷാഹിദ് ഹുസൈൻ വിമാനത്താവള അധികൃതരെ വിളിച്ച് ബാഗ് കാണാതായ വിവരം പറയുന്നത്. ടെർമിനൽ 3 -ന് മുമ്പിൽ വച്ച്, കറുത്ത നിറത്തിലുള്ള ട്രോളി ബാഗ് കാണാതെ പോയെന്നും വിവരം ലഭിച്ചാൽ അറിയിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. മുംബൈയിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ വരികയായിരുന്നു ഷാഹിദ് ഹുസൈൻ. 

ബാഗിലെന്തൊക്കെയുണ്ടായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തിരികെ ചോദിച്ചു. ലാപ്ടോപ്പടക്കമുള്ള വിലപ്പെട്ട വസ്തുക്കളുണ്ടെന്ന് ഷാഹിദ് ഹുസൈൻ വ്യക്തമാക്കി. ഇതിനൊപ്പം കുറച്ച് കളിപ്പാട്ടങ്ങളും ചോക്ലേറ്റുമുണ്ടായിരുന്നെന്നും ഹുസൈൻ അറിയിച്ചു. ലാപ്‍ടോപ് ചാർജറും, മൊബൈൽ ചാർജറും, കുറച്ച് വസ്ത്രങ്ങളും ഇതിലുണ്ടായിരുന്നു.

ഹുസൈന്‍റെ ബാഗ്, കനത്ത സുരക്ഷയിൽ ബോംബ് ഡിഫ്യൂസിംഗ് കണ്ടെയ്‍നറിൽ, ടോട്ടൽ കണ്ടെയ്‍ൻമെന്‍റ് വെസലിൽ (Total Containment Vessel) സൂക്ഷിച്ചിരിക്കുകയായിരുന്നു ബോംബ് സ്ക്വാഡ്. പരിശോധനയിൽ സ്ഫോടകവസ്തുക്കളൊന്നുമില്ലെന്ന് വ്യക്തമായെങ്കിലും സുരക്ഷാ മുൻകരുതലെന്ന നിലയിലായിരുന്നു ഇത് വേറെ പ്രത്യേകം ഇടത്ത് സൂക്ഷിച്ചത്.

ഇവിടേക്ക് കൊണ്ടുപോയി ഹുസൈന്‍റെ സാന്നിധ്യത്തിൽ തന്നെ ബാഗ് തുറന്ന് പരിശോധിച്ച ശേഷമാണ് ഇത് കൈമാറാൻ ബോംബ് സ്ക്വാഡ് തയ്യാറായത്.

പരിഭ്രാന്തി പരത്തിയ മണിക്കൂറുകൾ!

പുലർച്ചെ അസമയത്ത് വിമാനത്താവളത്തിൽ കണ്ടെത്തിയ കറുത്ത ട്രോളി ബാഗ് സുരക്ഷാ ഉദ്യോഗസ്ഥരെയും ഇന്‍റലിജൻസിനെയും പരിഭ്രാന്തിയിലാക്കിയത് ചില്ലറയല്ല. ബാഗിൽ ആർഡിഎക്സാണെന്ന അഭ്യൂഹങ്ങൾ പരന്നതോടെ ജനങ്ങളും അമ്പരന്നു. ബാഗ് കണ്ടത് സിസിടിവി ദൃശ്യങ്ങളിൽ പതിയാത്ത വിധം മാറി, ഒരു ''നിഴൽ മേഖല''(dark zone)-യിലാണെന്നതാണ് സംശയം കൂട്ടിയത്. 

പുലർച്ചെ ഒരുമണിയോടെ വിമാനത്താവളത്തിൽ റൗണ്ട്‍സിന് ഇറങ്ങിയ സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ് ബാഗ് കണ്ടെത്തിയത്. ഇതോടെ, സാധനമെടുത്ത് അതീവ സുരക്ഷാ മേഖലയിലേക്ക് മാറ്റി. എൻഎസ്‍ജിയുടെ ബോംബ് വിദഗ്‍ധരെത്തി, ഫോറൻസിക് ഉദ്യോഗസ്ഥരുമെത്തി പരിശോധന തുടങ്ങി. 

ബാഗിനുള്ളിൽ ഇലക്ട്രിക് വയറുകളുണ്ട്. അതിനാൽ സംശയകരമായ സാഹചര്യമുണ്ട്. ബാഗ് മറ്റൊരിടത്തേയ്ക്ക് അപകടമില്ലാത്ത വിധം മാറ്റിയിരിക്കുകയാണ്. വിമാനത്താവളത്തിന്‍റെ സുരക്ഷ കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട് - എന്ന് വിമാനത്താവളത്തിന്‍റെ സുരക്ഷാച്ചുമതലയുള്ള പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് ഭാട്ടിയ അറിക്കുകയും ചെയ്തു.

ആദ്യം ആർഡിഎക്സെന്ന് നിഗമനം

എക്സ്പ്ലോസീവ് ഡിറ്റക്റ്റർ ഉപയോഗിച്ചും സ്നിഫർ നായയെക്കൊണ്ടും നടത്തിയ പരിശോധനയിൽ ആദ്യം പരന്ന അഭ്യൂഹം ബാഗിൽ ആർഡിഎക്സാണെന്നായിരുന്നു. എന്നാൽ ഇപ്പോഴിങ്ങനെ ഒരു നിഗമനത്തിലെത്താനാകില്ലെന്ന് സിഐഎസ്എഫ് സ്പെഷ്യൽ ഡയറക്ടർ എം എ ഗണപതി വ്യക്തമാക്കി. 

പക്ഷേ, വിവരം കിട്ടിയതിന് പിന്നാലെ പുലർച്ചെ ഏതാണ്ട് നാല് മണി വരെ യാത്രക്കാർക്ക് മൂന്നാം ടെർമിനലിലൂടെ പുറത്തേക്കോ അകത്തേക്കോ കടക്കാൻ അനുവദിക്കാതിരുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇതോടെയാണ് ഐഇഡി പോലുള്ള മാരകമായ സ്ഫോടകവസ്തുവാണ് ബാഗിലെന്ന അഭ്യൂഹം ശക്തമായത്. 

click me!