സംസ്‌കാര വിരുദ്ധമെന്ന് ബിജെപി എംപി; മസാജ് സർവ്വീസ് പദ്ധതി റെയിൽവെ ഉപേക്ഷിച്ചു

By Web TeamFirst Published Jun 15, 2019, 10:58 PM IST
Highlights

റെയിൽവെ ടിക്കറ്റുകളിൽ നിന്നല്ലാതെയുള്ള വരുമാനം പ്രതിവർഷം 20 ലക്ഷം രൂപ ഇതിലൂടെ സമ്പാദിക്കാമെന്ന് കണക്കുകൂട്ടിയതായിരുന്നു

ദില്ലി: രാജ്യത്തെ തെരഞ്ഞെടുത്ത 39 ട്രെയിനുകളിൽ മസാജ് സർവ്വീസ് ആരംഭിക്കാനുള്ള നീക്കം റെയിൽവെ ഉപേക്ഷിച്ചു. ഇൻഡോറിൽ നിന്നുള്ള ബിജെപി നേതാവും എംപിയുമായ ശങ്കർ ലവാനി പരാതിയുമായി രംഗത്ത് വന്നതോടെയാണ് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ ഈ തീരുമാനം ഉപേക്ഷിക്കാൻ നിർദ്ദേശം നൽകിയത്. മസാജ് സർവ്വീസ് ആരംഭിക്കാനുള്ള നീക്കം ഇന്ത്യൻ സംസ്കാരത്തിന് യോജിക്കാത്തതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

രാജ്യത്ത് 20000 ത്തോളം യാത്രക്കാരിൽ നിന്നായി പ്രതിവർഷം 20 ലക്ഷം രൂപ അധികവരുമാനം ഉണ്ടാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതി പ്രഖ്യാപിച്ചത്. ടിക്കറ്റിതര വരുമാനം 90 ലക്ഷം ഉയർത്താനുള്ള റെയിൽവെ നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. എന്നാൽ ബിജെപിയുടെ ഇൻഡോറിൽ നിന്നുള്ള എംപി ഇതിനെതിരെ റെയിൽവെ മന്ത്രി പിയൂഷ് ഗോയലിന് കത്തെഴുതിയതോടെ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്ത്രീകളുടെ സാന്നിധ്യത്തിൽ ഇത്തരം സർവ്വീസുകൾ നൽകുന്നത് ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് ഇദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇത് തീർത്തും അനാവശ്യമാണെന്നും ഇൻഡോറിൽ നിന്നുള്ള നിരവധി സ്ത്രീ സംഘടനകൾ ഇതിനെതിരെ രംഗത്ത് വന്നെന്നും എംപി വിശദീകരിച്ചു. ഗോൾഡ്, ഡയമണ്ട്, പ്ലാറ്റിനം വിഭാഗങ്ങളിലായി യഥാക്രമം 100, 200, 300 രൂപ വീതം ഈടാക്കി 15 മുതൽ 20 മിനിറ്റ് വരെ ദൈർഘ്യമുള്ള മസാജ് സർവ്വീസ് നൽകാനായിരുന്നു തീരുമാനം. തല, കഴുത്ത്, കാൽ എന്നിവിടങ്ങളിലായിരുന്നു മസാജ് സേവനം നൽകാൻ ഉദ്ദേശിച്ചിരുന്നത്. പശ്ചിമ റെയിൽവെയിലെ രത്ലം ഡിവിഷനാണ് പദ്ധതി മുന്നോട്ട് വച്ചത്.

click me!