
ദില്ലി : ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ, പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരായ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര നടപടികൾ പൂർത്തിയാകും മുൻപ് ഹിയറിങ്ങ് ബഹിഷ്ക്കരിച്ചു. ഗൂഢലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളാണ് എത്തിക്സ് കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും, അംഗമായ ഭരണപക്ഷ എംപി മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിയെന്നും മഹുവ ആരോപിച്ചു. ഒരു വനിത എംപിയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങളുന്നയിച്ചുവെന്നാരോപിച്ച് മഹുവ, എത്തിക്സ് കമ്മിറ്റിക്കെതിരെ പ്രതിഷേധിച്ചു. കമ്മിറ്റി ചെയർമാൻ പക്ഷപാതിത്വപരമായി പെരുമാറിയെന്നും മഹുവ കുറ്റപ്പെടുത്തി.
അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ രണ്ട് കോടി രൂപ ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് കോഴ വാങ്ങി, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണക്കിൽ പെടുത്താതെ 75 ലക്ഷം രൂപ കൈപ്പറ്റി,ലാപ്ടോപ്പുകള്‍, ഡയമണ്ട് നെക്ലേസുകളടക്കം വിലകൂടിയ ഉപഹാരങ്ങൾ കൈപ്പറ്റി തുടങ്ങിയ ആരോപണങ്ങള്‍ ഒന്നൊന്നായി മഹുവ എത്തിക്സ് കമ്മിറ്റിക്ക് മുന്‍പാകെ നിഷേധിച്ചു. പണം കൈപ്പറ്റിയതിന് പരാതിക്കാര്‍ നല്‍കിയ തെളിവ് എന്തെന്ന ചോദ്യവും മഹുവ ഉയര്‍ത്തി. വിവിധ മന്ത്രാലയങ്ങള്‍ തനിക്കെതിരെ നല്‍കിയ റിപ്പോര്‍ട്ടുകള്‍ കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു. പരാതിക്കാരനായ ആനന്ദ് ദെഹദ്രായിയേയും, ഹിരനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ നന്ദാനിയേയും വിസ്തരിക്കാന്‍ അനുവദിക്കണമെന്ന െഹുവയുടെ ആവശ്യം സമിതി പരിഗണിച്ചില്ലെന്നാണ് വിവരം.
പരാതിക്കാരിയുടെ മൊഴിയും, മന്ത്രാലയങ്ങളുടെ റിപ്പോര്‍ട്ടും, ഹിരാനന്ദാനി ഗ്രൂപ്പിന്‍റെ സത്യവാങ്മൂലവും മഹുവയുടെ വിശദീകരണവുമായി സമിതി ഒത്ത് നോക്കും. ഒരു മാസത്തിനുള്ളില്‍ എത്തിക്സ് കമ്മിറ്റി സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. പദവി ദുരുപയോഗം ചെയ്തുവെന്ന് തെളിഞ്ഞാല്‍ മഹുവയെ അയോഗ്യയാക്കാനോ സസ്പെന്‍ഡ് ചെയ്യാനോ ഉള്ള ശുപാര്‍ശ സമിതിക്ക് നല്‍കാം. ശൈത്യകാല സമ്മേളനത്തിന് മുന്‍പ് തീരുമാനമുണ്ടാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam