
ദില്ലി: ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അവതരിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പടുക്കവേ സംസ്ഥാനങ്ങൾ വഴി ഏകീകൃത സിവിൽ നിയമം നടപ്പാക്കുന്നതിന് തുടക്കം കുറിക്കുകയാണ് ഉത്തരാഖണ്ഡ്. രാവിലെ ഭരണഘടനയുമായി നിയമസഭയിലെത്തിയ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഏറെ കാലത്തെ കാത്തിരിപ്പ് അവസാനിക്കുകയാണെന്നും നടപടികളോട് കോൺഗ്രസ് സഹകരിക്കണമെന്നും പറഞ്ഞു. ബിജെപി എംഎൽഎമാരുടെ ജയ് ശ്രീറാം വിളികൾക്കിടയിലാണ് മുഖ്യമന്ത്രി ബിൽ അവതരിപ്പിച്ചത്. എന്നാൽ തിടുക്കത്തിലാണ് നടപടിയെന്നും, കരട് ബിൽ വായിക്കാൻ പോലും ബിജെപി സമയം നല്കിയില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. പ്ലക്കാർഡുകളുമായി കോൺഗ്രസ് നേതാക്കൾ സഭയിൽ പ്രതിഷേധിച്ചു.
70 അംഗ നിയമസഭയിൽ 47 സീറ്റുകളാണ് ബിജെപിക്കുള്ളത്. ലിംഗസമത്വം, സ്വത്തിൽ തുല്യ അവകാശം തുടങ്ങിയവ ഏകീകൃത സിവിൽ കോഡിലൂടെ നടപ്പാക്കുമെന്നാണ് ബിജെപി അവകാശ വാദം. ഗോത്രവിഭാഗങ്ങളെ ബില്ലിൻറെ പരിധിയിൽ നിന്ന് ഒഴിവാക്കും. മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്ത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് കരട് ബിൽ തയാറാക്കിയത്. തെരഞ്ഞെടുപ്പിന് മുൻപ് ഉത്തരാഖണ്ഡ് ഉൾപ്പടെ 3 സംസ്ഥാനങ്ങളിൽ ഏകീകൃത വ്യക്തി നിയമം നടപ്പാക്കാനാണ് ബിജെപി നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam