
ദില്ലി: മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.
നിലവിൽ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി വ്യവസ്ഥയിൽ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവർ. അതും 5 ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യമുണ്ട്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയിൽ നിന്ന് 1.50 ലക്ഷം രൂപയായും പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായും ഉയർത്തണമെന്ന ആവശ്യം സർക്കാരിന് മുന്നിലുണ്ട്. ആദായ നികുതി പുതിയ സ്കീമിലേക്ക് നികുതി ദായകരെ എത്തിക്കാനുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. മന്ദീഭവിച്ച സാമ്പത്തിക വളര്‍ച്ചക്കിടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ഇടപെടലുണ്ടാകുമോയെന്നതും പ്രധാനമാണ്.
വലിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് കൈയടി നേടേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ തവണത്തെ നിലപാടെങ്കിലും സഖ്യകക്ഷികളായ ജെഡിയുവും, ടിഡിപിയും ഭരിക്കുന്ന ബിഹാറിനും ആന്ധ്രക്കും നിർമല സീതാരാമന്‍ കൈയയച്ച് പ്രഖ്യാപനങ്ങള്‍ നടത്തി. ആന്ധ്രയുടെ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് മാത്രം പ്രഖ്യാപിച്ചത് പതിനയ്യായിരം കോടിയായിരുന്നു. ബിഹാറിന് ഇരുപത്തി ആറായിരം കോടി രൂപ പ്രഖ്യാപിച്ച് നിതീഷ് കുമാറിനെയും തൃപ്തിപ്പെടുത്തി. ഇത്തവണ കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് എന്ത് സമീപനമാണ് ബജറ്റിൽ സ്വീകരിക്കുക എന്നാണ് ഇനി അറിയാനുള്ളത്.
Union Budget 2025 LIVE: മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ഇന്ന്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam