
ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ എയർ ഇന്ത്യയോടും ഇൻ്റിഗോയോടും ചൈനയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായാണ് വിവരം.
കൊവിഡ് 19 മഹാമാരിയുടെ വ്യാപനത്തെ തുടർന്നാണ് ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചത്. തൊട്ടുപിന്നാലെ 2020 ജൂൺ മാസത്തിൽ ഗാൽവാൻ താഴ്‌വരയിൽ ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതോടെ ഉഭയകക്ഷി ബന്ധവും വഷളായിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തങ്ങളുടെ അതിർത്തി മേഖലയിൽ സൈനിക വിന്യാസം കൂടുതൽ ശക്തമാക്കി. പിന്നീട് ഈ ബന്ധം കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ സൈനിക നേതൃത്വങ്ങൾ ചർച്ച നടത്തുകയും ഇതിൻ്റെ ഫലം കാണുകയും ചെയ്‌തിരുന്നു. എന്നാൽ അതിർത്തിയിൽ പലയിടത്തും ഇപ്പോഴും അസ്വസ്ഥത നിലനിൽക്കുന്നുണ്ട്.
പിന്നീട് ചൈനീസ് കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നത് വിലക്കുകയും ഇറക്കുമതിയിൽ ശക്തമായ നിരീക്ഷണം നടത്തുകയും വിമാന സർവീസുകൾ റദ്ദാക്കിയത് തുടരുകയും ചെയ്തിരുന്നു. എങ്കിലും ഇപ്പോൾ ഇതിൽ മാറ്റം വരുന്നതിൻ്റെ സൂചനകളാണ് വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിൽ കാണാനാവുന്നത്.
ഇതിനെല്ലാം പുറമെ ഷാങ്ഹായ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈനയിലേക്ക് പോകുന്നുണ്ട്. 2019 ന് ശേഷം ആദ്യമായാണ് അദ്ദേഹം ചൈനയിലേക്ക് പോകുന്നത്. ഇതിൻ്റെ ആവേശപൂർവമാണ് ചൈന സ്വാഗതം ചെയ്തത്. ചൈനീസ് പ്രസിഡൻ്റുമായടക്കം പ്രധാനമന്ത്രി ഈ സന്ദർശനത്തിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam