
ദില്ലി: ജനസംഖ്യ കണക്കാക്കുന്നതിനുള്ള സെൻസസ് 2027 മാർച്ച് ഒന്ന് മുതൽ നടക്കും. കേന്ദ്രസർക്കാരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനിയും 18 മാസങ്ങൾ അകലെയാണ് സെൻസസിനായി നിശ്ചയിച്ചിരിക്കുന്ന പരിപാടി. ജാതി സെൻസസും ഇതോടൊപ്പം നടത്തുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. 2011 ലാണ് അവസാനമായി രാജ്യത്ത് സെൻസസ് നടന്നത്. 2021 ൽ സെൻസസ് നടത്തേണ്ടതായിരുന്നു. ഇതാണ് നീട്ടിവച്ചത്.
2026 ഒക്ടോബറിൽ ലഡാക്ക്, ജമ്മു കശ്മീർ , ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ഹിമാലയൻ മേഖലയിലെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സെൻസസ് നടക്കുമെന്നും സൂചനയുണ്ട്. 2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം 2030 ഓടെ സെൻസസിലെ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതിന് ശേഷം ലോക്സഭാ മണ്ഡല പുനർനിർണയവും വനിതാ സംവരണവും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും അടക്കമുള്ള നടപടികളിലേക്ക് കേന്ദ്രസർക്കാർ നീങ്ങിയേക്കുമെന്നാണ് കരുതുന്നത്.