
ദില്ലി: ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാൻ കേന്ദ്ര സർക്കാർ. ഇതിനായുള്ള പ്രമേയം അടുത്ത പാർലമെൻ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് വിവരം. ദില്ലി ഹൈക്കോടതി ജസ്റ്റിസായിരിക്കെ ദില്ലിയിലെ വസതിയിൽ നിന്ന് പണം കണ്ടെത്തിയിരുന്നു. അതിന് ശേഷം അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയ ഇദ്ദേഹം രാജിവെക്കാൻ തയ്യാറാകാതെ വന്നതോടെയാണ് ഇംപീച്ച്മെൻ്റ് നടപടികളിലേക്ക് കേന്ദ്രസർക്കാർ കടക്കുന്നത്.
സുപ്രീം കോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. സുപ്രീം കോടതി സമിതിയുടെ അന്വേഷണ റിപ്പോർട്ട് മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയച്ചിരുന്നു. റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷവും യശ്വന്ത് വർമ്മ രാജിവയ്ക്കാൻ തയ്യാറാകാതെ വന്നതോടെയാണ് ഇംപീച്ച് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമ മന്ത്രി അർജുൻ റാം മേഘവാൾ എന്നിവർ നേരത്തെ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് ഇംപീച്ച്മെന്റ് നടപടി ക്രമങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. മാർച്ച് 14നാണു യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam