
ചെന്നൈ: തമിഴ്നാട്ടിലെ രണ്ട് നഗരങ്ങളിൽ കൂടി മെട്രോ റെയിൽ വേണമെന്ന തമിഴ്നാടിന്റെ ആവശ്യം തള്ളി കേന്ദ്രം. കോയമ്പത്തൂർ, മധുര നഗരങ്ങളിൽ മെട്രോ വേണമെന്നാണ് തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ, 2017 ലെ മെട്രോ റെയിൽ നയത്തിൽ പറഞ്ഞിരിക്കുന്ന ജനസംഖ്യയും യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്താൽ കോയമ്പത്തൂരിലും മധുരയിലും മെട്രോ റെയിൽ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം അറിയിച്ചു. തമിഴ്നാട് സമർപ്പിച്ച വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ (ഡിപിആറുകൾ) പെരുപ്പിച്ച് കാണിക്കുകയും എഞ്ചിനീയറിംഗ് പരിമിതികളെ ലഘൂകരിക്കുകയും ചെയ്യുന്നതാണെന്നും കേന്ദ്രം അയച്ച കത്തിൽ പറയുന്നു. കേന്ദ്രവുമായി 50:50 അനുപാതത്തിൽ ചെലവ് പങ്കിടാമെന്നും തമിഴ്നാട് അറിയിച്ചിരുന്നു.
കോയമ്പത്തൂരിനെ സംബന്ധിച്ചിടത്തോളം, നിർദ്ദിഷ്ട 34 കിലോമീറ്റർ ശൃംഖലയിൽ ഡിപിആറിൽ പ്രതീക്ഷിക്കുന്ന 5.9 ലക്ഷം പ്രതിദിന യാത്രക്കാരെ ആകർഷിക്കാൻ സാധ്യതയില്ലെന്ന് മന്ത്രാലയം അറിയിച്ചു. നഗരത്തിലെ ശരാശരി യാത്രാ ദൈർഘ്യം താരതമ്യേന കുറവാണെന്നും സാധാരണയായി 6-8 കിലോമീറ്റർ മാത്രമാണെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. എഞ്ചിനീയറിംഗ്, ഡിസൈൻ ആശങ്കകളും കത്തിൽ ചൂണ്ടിക്കാട്ടി. അലൈൻമെന്റിലെ പല ഭാഗങ്ങളും 7–12 മീറ്റർ വരെ ഇടുങ്ങിയ റോഡുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ചെലവ് വർധിപ്പിക്കുമെന്നും പറയുന്നു. 2011 ലെ സെൻസസ് പ്രകാരം മുനിസിപ്പൽ പരിധിക്കുള്ളിൽ 15.84 ലക്ഷമാണ് കോയമ്പത്തൂരിലെ ജനസംഖ്യ.
ഇത് മെട്രോ റെയിൽ നയം അനുസരിച്ച് മെട്രോ-റെയിൽ ആസൂത്രണം ആരംഭിക്കുന്നതിന് ആവശ്യമായ20 ലക്ഷം ജനസംഖ്യാ മാനദണ്ഡം പാലിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി. മധുരയിൽ 15 ലക്ഷമാണ് ജനസംഖ്യ. എന്നാൽ, 2011 ലെ സെൻസസ് പ്രകാരം 20 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ഗുരുഗ്രാം, ഭുവനേശ്വർ, ആഗ്ര, മീററ്റ് തുടങ്ങിയ നഗരങ്ങൾക്ക് എങ്ങനെയാണ് അനുമതി നൽകിയതെന്ന് മധുര എംപി സു വെങ്കിടേശൻ ചോദിച്ചു. 15 വർഷത്തിലേറെയായി ഈ പദ്ധതിക്കായി കാത്തിരിക്കുന്ന കോയമ്പത്തൂരിലെ ജനങ്ങൾ കടുത്ത നിരാശയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam