
കർണാൽ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംവാദത്തിന് തയ്യാറെങ്കിൽ പ്രധാനമന്ത്രിക്ക് കത്തെഴുതാമെന്നും ചർച്ചയ്ക്കായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാമെന്നും അമിത് ഷാ പറഞ്ഞു. എല്ലാ വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാം. പക്ഷെ രാഹുൽ ഗാന്ധി നുണ പ്രചാരണം അവസാനിപ്പിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്ക് എത്ര വേണമെങ്കിലും നെഞ്ചത്തടിച്ച് പ്രതിഷേധിക്കാമെന്നും നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി വോട്ടർ പട്ടികയിൽ നിന്ന് നീക്കി രാജ്യത്തുനിന്ന് പുറത്താക്കുമെന്നും അമിത് ഷാ പറഞ്ഞു. ഹരിയാനയിലെ കർണാലിൽ നടന്ന ബിജെപിയുടെ 'ലോക്തന്ത്ര ബചാവോ, അരാജകതാ ഹഠാവോ' റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
"രാഹുൽ ഗാന്ധി, നിങ്ങൾക്ക് ഉത്തരവാദിത്തത്തോടെ ചർച്ച ചെയ്യണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ ചോദ്യങ്ങളിൽ സത്യവും യുക്തിയുമുണ്ടെങ്കിൽ, പാർലമെന്റിൽ വന്ന് സംസാരിക്കൂ. നമുക്ക് നേർക്കുനേർ നിൽക്കാം. പക്ഷേ, ഞങ്ങൾ തരുന്ന മറുപടികൾ താങ്ങാൻ നിങ്ങൾക്ക് കഴിയില്ല. എപ്പോഴത്തെയും പോലെ നിങ്ങൾ അപ്പോഴും ഒളിച്ചോടും"- അമിത് ഷാ തുറന്നടിച്ചു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
പ്രതിപക്ഷത്തിന്റെ പൊതുറാലികൾ വെറും രാഷ്ട്രീയ നാടകങ്ങളാണെന്ന് അമിത് ഷാ പരിഹസിച്ചു. "ഞാൻ രാഹുൽ ഗാന്ധിയെ നേരിട്ട് വെല്ലുവിളിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണോ നിങ്ങൾ ചർച്ചയ്ക്ക് വിളിക്കുന്നത്? നിങ്ങൾക്ക് ചർച്ച ചെയ്യണമെങ്കിൽ പ്രധാനമന്ത്രിക്ക് ഒരു കത്തെഴുതൂ. എസ്ഐആർ വിഷയത്തിൽ ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ ഞങ്ങൾ തയ്യാറാണ്"- അമിത് ഷാ പറഞ്ഞു.
നിയമസഭകൾ മുതൽ ഗ്രാമങ്ങൾ വരെ എല്ലാ തലങ്ങളിലും പ്രതിപക്ഷത്തെ നേരിടാൻ ബിജെപി പൂർണ സജ്ജമാണെന്ന് അമിത് ഷാ വ്യക്തമാക്കി. "80 വർഷം പഴക്കമുള്ള ഈ ജനാധിപത്യം നിങ്ങളുടെ തട്ടിപ്പുകളിൽ വീഴുമെന്ന് നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ടോ? രാഹുൽ ജീ, ഞങ്ങൾ തെരുവിലിറങ്ങി പ്രവർത്തിക്കുന്നവരാണ്. പാർലമെന്റിലായാലും നിയമസഭകളിലായാലും ഗ്രാമങ്ങളിലായാലും ബിജെപി നിങ്ങൾക്ക് കൃത്യമായ മറുപടി നൽകും. ഇനി നിങ്ങൾ ആളുകളെ കൂട്ടി വരികയാണെങ്കിൽ, അവിടെയും ബിജെപി പ്രവർത്തകർ തക്കതായ മറുപടി നൽകും. രാഹുൽ ഗാന്ധിക്കുള്ള ശക്തമായ മറുപടിയാണ് ഈ റാലി" - അമിത് ഷാ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam