ലോകത്തിലെ ഏറ്റവും വലിയ നഗര ശുചീകരണ സർവ്വേക്ക് തുടക്കമായി

By Web TeamFirst Published Sep 27, 2021, 7:06 PM IST
Highlights

'ആസാദി@75' എന്ന പ്രമേയത്തിന്റെ ചുവട് പിടിച്ചുകൊണ്ട് മുതിർന്ന പൗരന്മാർ, യുവാക്കൾ തുടങ്ങിയവരുടെ അഭിപ്രായങ്ങൾക്കും സർവ്വേ ഇക്കുറി പ്രാധാന്യം നൽകുന്നുണ്ട്.

ദില്ലി: ശുചിത്വ സർവ്വേയുടെ (Swachh Survekshan) തുടർച്ചയായ ഏഴാം പതിപ്പിന് കേന്ദ്ര ഭവന നിർമ്മാണ നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി ന്യൂ ദില്ലിയിൽ തുടക്കം കുറിച്ചു. ശുചിത്വ ഭാരത ദൗത്യം- നഗരത്തിനു (SBM-U) കീഴിൽ നടത്തപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ നഗര ശുചീകരണ സർവേ ആണ് ഇത്. 'ജനങ്ങൾ ആദ്യം' (People First) എന്ന കാഴ്ചപ്പാടിന് പ്രാധാന്യം നൽകിക്കൊണ്ടാണ് 2022ലെ ശുചിത്വ സർവേയ്ക്ക് രൂപം നൽകിയിരിക്കുന്നത്.

മുൻനിര ശുചീകരണത്തൊഴിലാളികളുടെ സ്വാസ്ഥ്യം, മൊത്തത്തിലുള്ള ക്ഷേമം എന്നിവ മുൻനിർത്തിക്കൊണ്ട് നഗരങ്ങൾ കൈക്കൊണ്ടിട്ടുള്ള പ്രവർത്തനങ്ങൾ കണ്ടെത്താൻ 2022ലെ ശുചിത്വ സർവ്വേ ലക്ഷ്യമിടുന്നു. 'ആസാദി@75' എന്ന പ്രമേയത്തിന്റെ ചുവട് പിടിച്ചുകൊണ്ട് മുതിർന്ന പൗരന്മാർ, യുവാക്കൾ തുടങ്ങിയവരുടെ അഭിപ്രായങ്ങൾക്കും സർവ്വേ ഇക്കുറി പ്രാധാന്യം നൽകുന്നുണ്ട്.

സർവ്വേ പ്രവർത്തനങ്ങൾ ആരംഭിച്ചത് വഴി ഒരാഴ്ച നീളുന്ന 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. ജനങ്ങൾ നേതൃത്വം നൽകുന്ന പ്രദർശനങ്ങൾ, ശുചീകരണ തൊഴിലാളികൾ, പൗര നേതാക്കൾ, മാലിന്യ സംസ്കരണ മേഖലയിലെ സംരഭകർ, റസിഡൻസ് വെൽഫെയർ അസോസിയേഷനുകൾ, ഗവൺമെന്റ് ഇതര സംഘടനകൾ തുടങ്ങിയവരെ ആദരിക്കൽ തുടങ്ങി പൗരൻമാരെ കേന്ദ്രീകരിച്ചുള്ള നിരവധി പ്രവർത്തനങ്ങൾ  സംഘടിപ്പിക്കും.  

രാജ്യത്തെ 73 നഗരങ്ങളെ ശുചിത്വ ഏകകങ്ങളുടെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തുന്നത് ലക്ഷ്യമിട്ട് 2016 ലാണ് മന്ത്രാലയം ശുചിത്വ സർവ്വേയ്ക്ക് തുടക്കം കുറിച്ചത്. നിലവിൽ നാലായിരത്തിലേറെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള സർവ്വേ ഇത്തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റമാണ്. സർവ്വേയുടെ അവസാന പതിപ്പിൽ - SS 2021ല്‍ അഞ്ച് കോടിയിലേറെ ജനങ്ങൾ ആണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.
 
ചെറു നഗരങ്ങൾക്ക് സമത്വ പൂർണ്ണമായ മത്സരവേദി ഒരുക്കാൻ ഇക്കൊല്ലത്തെ സർവ്വേ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി പതിനയ്യായിരത്തിൽ താഴെ, 15,000 നും 25,000 ഇടയിൽ എന്നിങ്ങനെ രണ്ട് പുതിയ വിഭാഗങ്ങൾ കൂടി അവതരിപ്പിച്ചിട്ടുണ്ട്. ഇതാദ്യമായി ജില്ലകളുടെ പട്ടികയ്ക്കും ഇക്കുറി അവസരമൊരുങ്ങും. 100 ശതമാനം വാർഡുകളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്ന തരത്തിൽ ഇത്തവണത്തെ സർവ്വേ വിപുലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഇത് 40 ശതമാനം ആയിരുന്നു.

രേഖകളുടെ ഡിജിറ്റൽ ട്രാക്കിംഗ്, ക്യൂ ആര്‍ അധിഷ്ഠിത പൗര പ്രതികരണങ്ങൾ, മികച്ച ശേഷി ഉറപ്പാക്കുന്നതിനായി ശുചീകരണ-മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ജിയോ ടാഗിംഗ് തുടങ്ങിയ ആധുനിക സാങ്കേതിക സംവിധാനങ്ങൾ സർവ്വേയുടെ വരുന്ന പതിപ്പ് ഉപയോഗപ്പെടുത്തും.

"ഒരു മനംമാറ്റം"  എന്ന പേരിൽ തയ്യാറാക്കിയ പ്രത്യേക പുസ്തകവും 2022 ശുചിത്വ സർവ്വേയ്ക്കൊപ്പം മന്ത്രാലയം പുറത്തിറക്കി. ഇന്ത്യയുടെ നഗര പ്രദേശങ്ങളിൽ, ശുചിത്വ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച വ്യക്തികൾ, സമൂഹങ്ങൾ എന്നിവരുടെ പ്രചോദന പരമായ ജീവിതകഥകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ശുചിത്വ ഭാരതം ലക്ഷ്യമിട്ട് കഴിഞ്ഞ ഏഴ് വർഷം നടത്തിയ യാത്രയുടെ നാഴികകല്ലുകൾ ഉൾപ്പെടുത്തിക്കൊണ്ട്  "ശുചിത്വത്തിലൂടെ സമൃദ്ധി"  എന്ന പേരിൽ തയ്യാറാക്കിയ ലഘു ചിത്രവും ചടങ്ങിൽ പ്രകാശിപ്പിച്ചു.
 
ഒരു വർഷത്തിനു മുൻപ് മന്ത്രാലയം തുടക്കം കുറിച്ച 'സഫായിമിത്ര സുരക്ഷാ ചലഞ്ചിന്റെ' ഭാഗമായുള്ള ഫീൽഡ് തല വിലയിരുത്തലുകൾക്കും മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. മാലിന്യ ശുചീകരണ പ്രവർത്തനങ്ങളുടെ യന്ത്രവൽക്കരണം, ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ ഇത്തരം ഇടങ്ങളിൽ നേരിട്ട് ഇറങ്ങി വൃത്തിയാക്കേണ്ടിവരുന്നവർക്ക് PPE കിറ്റുകൾ, സുരക്ഷാ കിറ്റുകൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളുടെ രൂപീകരണം തുടങ്ങിയവയ്ക്ക് നഗരങ്ങളെ സഹായിക്കാൻ ചലഞ്ച് ലക്ഷ്യമിടുന്നു. ഒരു വർഷ കാലയളവിനുള്ളിൽ, 8,500 ലേറെ ശുചീകരണത്തൊഴിലാളികളുടെ നൈപുണ്യ വികസനം സാധ്യമാക്കാൻ ഇതിലൂടെ സാധിച്ചു. കൂടാതെ ശുചീകരണ ഉപകരണങ്ങൾ വാങ്ങുന്നതിനായി  8.51 കോടിയിലേറെ വരുന്ന വായ്പകൾ വിതരണംചെയ്തതിലൂടെ അവരുടെ സാമ്പത്തിക ശാക്തീകരണത്തിനും വഴി തുറന്നിട്ടുണ്ട്.

സ്വച്ഛത മൊബൈൽ ആപ്ലിക്കേഷന്റെ പുതിയ പതിപ്പിന്റെ പ്രകാശനത്തിനും ഇന്നത്തെ ദിവസം സാക്ഷ്യം വഹിച്ചു. ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഈ ഡിജിറ്റൽ പ്രശ്നപരിഹാര സംവിധാനത്തിന് 2016 ലാണ് മന്ത്രാലയം തുടക്കം കുറിച്ചത്. ഇതുവരെ പൊതുജനങ്ങളുടെ രണ്ടു കോടിയിലേറെ പരാതികൾ പരിഹരിക്കാൻ ഈ ആപ്ലിക്കേഷനിലൂടെ സാധിച്ചു

സംസ്ഥാന-ജില്ലാതല ഉദ്യോഗസ്ഥർ, ഈ മേഖലയിലെ പങ്കാളികൾ തുടങ്ങി ആയിരത്തിലേറെപേർ തൽസമയം സംപ്രേക്ഷണം ചെയ്ത പരിപാടിയിൽ പങ്കെടുത്തു. www.swachhbharaturban.gov.in എന്ന വെബ്സൈറ്റിൽ ഇന്ന് അവതരിപ്പിച്ച എല്ലാ രേഖകളും ലഭ്യമാണ്. ഏറ്റവും പുതിയ വിവരങ്ങൾക്കായി ശുചിത്വ ഭാരത ദൗത്യത്തിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ആയ Facebook - Swachh Bharat Mission - Urban | Twitter - @SwachhBharatGov എന്നിവ ഫോളോ ചെയ്യുക.

click me!