
ദില്ലി: സ്വന്തം പച്ചക്കറി കൃഷിക്ക് ഒരുകോടിയോളം രൂപ സബ്സിഡി വാങ്ങിയതിൽ അഴിമതി ആരോപണം നിഷേധിച്ച് കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി. ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്നും മന്ത്രിയാകുന്നതിന് മുന്നേയാണ് സബ്സിഡിക്ക് അപേക്ഷിച്ചതെന്നും ഭഗീരഥ് ചൗധരി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഭഗീരഥ് ചൗധരി തൻ്റെ വെള്ളരി കൃഷിക്ക് സ്വന്തം വകുപ്പിന് കീഴിലുള്ള പദ്ധതി മുഖേന 99.03 ലക്ഷം രൂപ സബ്സിഡി വാങ്ങിയെന്ന റിപ്പോർട്ട് പ്രതിപക്ഷം ആയുധമാക്കുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം. സബ്സിഡി അനുവദിക്കുന്ന ബോർഡിലെ വൈസ് പ്രസിഡന്റ് കൂടിയാണ് ഭഗീരഥ് ചൗധരിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
താൻ ഒരു കർഷകനാണെന്നും ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്നും ഭഗീരഥ് ചൗധരി പറഞ്ഞു. "ഞാൻ ഒരു കർഷകനാണ്, കുട്ടിക്കാലം മുതൽക്കേ കാഷിക രംഗത്തുണ്ട്. ഞാൻ ഒന്നും ഒളിച്ചുവെച്ചിട്ടില്ല. ആയിരക്കണക്കിന് കർഷകർ പോളിഹൗസുകൾ നിർമ്മിക്കുകയും സബ്‌സിഡി ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്യുന്നുണ്ട്, അതുകൊണ്ട് ഞാനും അങ്ങനെ ചെയ്തു. 2018ലാണ് ഞാൻ ഇതിനായി അപേക്ഷിച്ചത്"- മന്ത്രി പറഞ്ഞു.
താൻ കൈപ്പറ്റിയ എല്ലാ വായ്പകളും സബ്‌സിഡികളും കൃഷിയിടത്തിൽ സ്ഥാപിച്ച ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഭഗീരഥ് ചൗധരി പറഞ്ഞു. പുതിയ സാങ്കേതികവിദ്യകളിലും പ്രകൃതിദത്ത കൃഷിയിലും താൻ കർഷകർക്ക് പരിശീലനവും നൽകുന്നുണ്ട്. എല്ലാ പ്രാദേശിക ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിട്ടുള്ളതാണ്. പിന്നെ താൻ എന്താണ് മറച്ചുവെച്ചതെന്നും ഭഗീരഥ് ചൗധരി ചോദിച്ചു. രാജസ്ഥാനിലെ അജ്മീറിൽ നിന്നുള്ള എംപിയാണ് ഭഗീരഥ് ചൗധരി.
അതേസമയം വിഷയം കേന്ദ്ര സർക്കാരിനും ബിജെപിക്കെതിരെ കോൺഗ്രസ് ആയുധമാക്കുകയാണ്. സംഭവം പുത്തൻ രീതിയിലുള്ള അഴിമതിയാണെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് വിമർശിച്ചു. ബിജെപിക്ക് അഴിമതിയുടെ കാര്യത്തിൽ ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. ദാനധർമ്മങ്ങൾ സ്വന്തം വീട്ടിൽ നിന്നാണ് തുടങ്ങുന്നത് എന്നാണ് ബിജെപി പറയുന്നത്. എന്നാൽ ബിജെപിയെ സംബന്ധിച്ചിടത്തോളം സബ്‌സിഡി സ്വന്തം വീട്ടിൽ നിന്നാണ് തുടങ്ങുന്നതെന്നും പവൻ ഖേര പരിഹസിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam