
കൊച്ചി: മൂന്നു ദിവസത്തെ ലക്ഷദ്വീപിലേക്കുള്ള (Lakshadweep) ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍. മുരുകന്‍ (L murugan) ഇന്ന് ഉച്ചയോടെ അഗത്തി വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ചു.
രാവിലെ ബംഗാരം ദ്വീപില്‍ നിന്നും അഗത്തിയിലെത്തിയ അദ്ദേഹം ലക്ഷദ്വീപില്‍ പുരോഗമിക്കുന്ന ദേശീയ ഏകതാ ദിനാഘോഷ പരിപാടികളുടെ ഭാഗമായി അഗത്തി ദ്വീപില്‍ വിദ്യാര്‍ത്ഥികളുടെയും മത്സ്യത്തൊഴിലാളികളുടെയും കൂട്ടായ്മയില്‍ സംഘടിപ്പിച്ച പ്രചരണ സൈക്കിള്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കുട്ടികളോടൊപ്പം അദ്ദേഹവും സൈക്കിളില്‍ സഞ്ചരിച്ച് റാലിയില്‍ പങ്കാളിയായി. തുടര്‍ന്ന് അദ്ദേഹം മത്സ്യത്തൊഴിലാളികളുടെ ലക്ഷദ്വീപിലെ പ്രത്യേക പരമ്പരാഗത മത്സ്യസംസ്‌കരണ രീതി പിന്‍തുടരുന്ന ചൂര മത്സ്യത്തിന്റെ സംസ്‌കരണ മേഖലാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം സംവദിച്ചു.
മത്സ്യ സംസ്‌ക്കരണ മേഖലയിലും വിപണന മേഖലയിലും അവര്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് മത്സ്യ തൊഴിലാളികളുമായും ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ആശയവിനിമയം നടത്തി. ലക്ഷദ്വീപിന്റെ മത്സ്യസംസ്‌ക്കരണ മേഖലയില്‍ നൂതന ആശയങ്ങളും ശാസ്ത്രീയ ആശയങ്ങളും കൈവരിക്കണമെന്നും അതിനു വേണ്ട പ്രക്രിയകള്‍ ഉടന്‍ ആരംഭിക്കണമെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഉന്നത ഉദ്യോഗസ്ഥരോട് കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു.
അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് അന്‍പരസു, ഫിഷറീസ് സെക്രട്ടറിമാരായ കെ. ടി. ദാമോദര്‍, ഒ.പി. മിശ്ര ഉള്‍പ്പെടുന്ന ഉന്നത ഉദ്യോഗസ്ഥര്‍ മുതലായവര്‍ മന്ത്രിയെ അനുഗമിച്ചിരുന്നു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു. അഗത്തി ദ്വീപിന്റെ കവാടമായ ജെട്ടി പ്രദേശത്തു വൃക്ഷതൈകള്‍ നട്ടു. പിന്നീട് ദ്വീപിലെ സ്‌പെഷ്യല്‍റ്റി ആശുപത്രയിലെ രോഗികളെ അദ്ദേഹം സന്ദര്‍ശിച്ചു. മൂന്ന് ദിവസത്തെ ദ്വീപ് സന്ദര്‍ശനം പൂര്‍ത്തീകരിച്ചു രണ്ടു മണിയോടെ അദ്ദേഹം കൊച്ചിയിലേക്ക് യാത്ര തിരിച്ചു.