
എബിവിപിയുടെ 69-ാം ദേശീയ സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു.1949 ൽ സ്ഥാപിതമായ വിദ്യാർത്ഥി പരിഷത്തിന്റെ 75 -ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് മഹോത്സവി സമ്മേളനത്തിൽ രാജ്യത്തിന്റെ എല്ലാ ജില്ലകളിലും നിന്നുമുള്ള പതിനായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഡിസംബർ 7ന് ദില്ലി, ഭുരാരിയിലെ ഇന്ദ്രപ്രസ്ഥ നഗരിയിൽ ആരംഭിച്ച നാലു ദിവസത്തെ ദേശീയ സമ്മേളനത്തിൽ സമകാലിക സാമൂഹിക പാരിസ്ഥിതിക വിദ്യാഭ്യാസ വിഷയങ്ങൾ ചർച്ചയാകുമെന്ന് ഭാരവാഗികള്‍ അറിയിച്ചു.
ആര്‍.എസ്.എസ് പ്രതിനിധികളായ സുരേഷ് സോണി (അഖില ഭാരതീയ കാര്യകാരിണി സമിതി അംഗം), ഗീതാ തായി ഗുണ്ഡെ, സി.ആർ.മുകുന്ദ (സഹ സർകാര്യവാഹക്), സുനിൽ അംബേക്കർ (അഖില ഭാരതീയ പ്രചാർ പ്രമുഖ്), റാം ലാൽ (അഖില ഭാരതീയ സംബർക്ക് പ്രമുഖ്)എന്നിവരും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
50,65,264 വിദ്യാർത്ഥികളുടെ അംഗത്വം പൂർത്തീകരിച്ച എബിവിപി ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനയായി മാറിയതായി ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല ഉദ്ഘാടന സദസിൽ പറഞ്ഞു. അതോടൊപ്പം എബിവിപി ദേശീയ സമ്മേളനത്തിന്റെ ഔദ്യോഗിക ഗാനം ആഭ്യന്തര മന്ത്രി അമിത് ഷാ പ്രകാശനം ചെയ്തു. എബിവിപി സ്ഥാപക നേതാവ് ദത്താജി ഡിഡോൽക്കറുടെ പേരിൽ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
ഛത്രപതി ശിവാജിയുടെ വീരഗാഥ, വിശ്വഗുരു ഭാരത്, ഗൗരവ്ശാലി ഭാരത് , സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം, എബിവിപിയുടെ പ്രവർത്തനങ്ങളും കാര്യ പദ്ധതിയും, ദില്ലിയുടെ യഥാർത്ഥ ചരിത്രം, ദില്ലിയിൽ നടന്ന പ്രധാന വിദ്യാർത്ഥി സമരങ്ങൾ, എബിവിപിയുടെ 75 വർഷത്തെ പ്രവര്‍ത്തനം തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രദർശനം. മഹാറാണാ പ്രതാപ്, മഹാരാജാ മിഹിർ ഭോജ്, മഹാരാജാ സൂരജ് മഹൽ വീരാംഗനാ റാണി ദുർഗാവതി എന്നിവരുടെ സ്മരണാർഥം ദേശീയ സമ്മേളന നഗരിയിൽ ശിൽപങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോള്‍ തന്റെ മുപ്പത് വർഷത്തെ എബിവിപി ജീവിതം മനസിലേക്ക് കടന്നു വന്നുവെന്നും എബിവിപിയുടെ ജൈവ സൃഷ്ടിയാണ് താനെന്നും അമിത് ഷാ പറഞ്ഞു. രാജ്കോട്ടിൽ നടന്ന എബിവിപി ദേശീയ സമ്മേളനത്തിലൂടെയാണ് രാഷ്ട്ര പുനർനിർമാണ യത്നത്തിൽ താൻ ആദ്യമായി പങ്കുചേർന്നതെന്നും അദ്ദേഹം പറഞ്ഞു.1949 ൽ സ്ഥാപിതമായ എബിവിപി രാഷ്ട്ര പുനർനിർമാണത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അത് സാധൂകരിക്കുന്ന ഉത്തമ ഉദാഹരണമാണ് അഴിമതിക്കെതിരെ ലോക്നായക് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിലെ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രത്തിനായി ജീവിതം ബലി നൽകുന്നതിനേക്കാൾ പ്രധാനമാണ് ഭാരതത്തിന്റെ പുരോഗതിക്കായി ജീവിക്കുന്നതെന്നും അമിത്ഷാ അഭിപ്രായപ്പെട്ടു. ഛത്രപതി ശിവാജിയുടെ കിരീടാരോഹണത്തിന്റെ ഭാഗമായി ഹൈന്ദവി സ്വരാജ് യാത്ര നടത്തിയതിന് എബിവിപിയെ അമിത്ഷാ അഭിനന്ദിച്ചു. ഉദ്ഘാടന ചടങ്ങിൽ എബിവിപി ദേശീയ അധ്യക്ഷൻ ഡോ. രാജ്‌ശരൺ ഷാഹി, ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല, സ്വാഗത സമിതി അധ്യക്ഷൻ നിർമൽ കുമാർ മിൻഡ ജനറൽ സെക്രട്ടറി ആശിഷ് കുമാർ സൂദ്, കേന്ദ്ര പ്രവർത്തക സമിതി അംഗം സുശ്രീ നിധി ത്രിപാഠി എന്നിവർ സംസാരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...