
ദില്ലി: ഇന്‍റർനെറ്റിന്‍റെ ഭാവി സംബന്ധിച്ച നയരൂപീകരണത്തിന് ഇന്ത്യയ്ക്ക് മറ്റേതെങ്കിലും രാജ്യത്തെയോ ആഗോള സമ്പ്രദായങ്ങളെയോ പിന്തുടരേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര നൈപുണ്യ വികസന- സംരംഭകത്വ, ഇലക്‌ട്രോണിക്‌സ് ആൻഡ് ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. യൂറോപ്യൻ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ അഥവാ ജിഡിപിആർആണ് ഇന്റർനെറ്റ് ഭരണത്തിനുള്ള സുവർണ്ണ അളവുകോലായി കണക്കാക്കപ്പെടുന്നത്. എന്നാൽ ഇന്ത്യ അതിനോട് യോജിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. "820 ദശലക്ഷത്തിലധികം ഇന്റർനെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയിൽ തങ്ങൾക്ക് ഏതുതരം ഇന്റർനെറ്റ് വേണമെന്ന് തീരുമാനിക്കാൻ മാർഗവും അർഹതയുമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ ഇക്കാര്യത്തിനായി ഇന്ത്യക്ക് സ്വന്തം മാർഗം രൂപീകരിക്കുകയും അതിന് അനുയോജ്യമായ ഒരു ചട്ടക്കൂട് നിർമ്മിക്കുകയും ചെയ്യുമെന്നും ദുബായിൽ നടന്ന ഇന്ത്യ ഗ്ലോബൽ ഫോറം സമ്മേളനത്തിൽ സംസാരിക്കവെ കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി. യു എ ഇ മന്ത്രി ഒമർ സുൽത്താൻ അൽ ഒലമയും പരിപാടിയിൽ പങ്കെടുത്തു.
ഇന്ത്യൻ പൗരന്മാരുടെ ഡിജിറ്റൽ അവകാശങ്ങൾ സംരക്ഷിക്കുന്നത് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. എന്നാൽ ഇന്ത്യയും ഇതര രാജ്യങ്ങളുമായുള്ള പങ്കാളിത്തങ്ങളേയും നിലനിന്നുപോരുന്ന ബന്ധങ്ങളെയും ഇത് ഒരുതരത്തിലും ബാധിക്കാനോ മന്ദഗതിയിലാക്കാനോ പാടില്ലെന്നും ഇപ്പോൾ പൊതുജനാഭിപ്രായത്തിനായി തുറന്നു നൽകിയിരിക്കുന്ന ഡിജിറ്റൽ സ്വകാര്യ വ്യക്തിവിവര സംരക്ഷണ ബില്ലിനെക്കുറിച്ച് സൂചിപ്പിക്കവേ മന്ത്രി പറഞ്ഞു. സർക്കാർ ഇന്‍റർനെറ്റിനെ ശക്തമായി നിയന്ത്രിക്കില്ലെന്നും എന്നാൽ തുറന്നതും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്‍റർനെറ്റ് എന്ന അടിസ്‌ഥാന തത്വത്തിൽ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനും പൗരന്മാർക്കും ഇടയിൽ വിശ്വാസം വളർത്തിയെടുക്കാൻ ഇന്ത്യ സ്റ്റാക്ക് എന്ന ആശയം സഹായിച്ചിട്ടുണ്ടെന്ന് ഡിജിറ്റൽവത്ക്കരണശ്രമങ്ങളെക്കുറിച്ച് പരാമർശിക്കവേ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത് ഭരണതലത്തിലെ തടസ്സങ്ങൾ നീക്കുകയും ഗുണഭോക്താക്കൾക്ക് സർക്കാർ ഫണ്ട് എളുപ്പത്തിൽ കൈമാറുന്നതിൽ സഹായകമാവുകയും ചെയ്തു. ഇന്ത്യ സ്റ്റാക്ക് മറ്റ് രാജ്യങ്ങൾക്കും സ്വീകാര്യമാവുന്ന നിലക്ക് വളർന്നിരിക്കുന്നു. ആഗോള തലത്തിലും ഡിജിറ്റലൈസേഷൻ ചെലവുകൾ താങ്ങാൻ കഴിയാത്ത രാജ്യങ്ങൾക്കും അതിവേഗം ഡിജിറ്റലൈസേഷൻ യാഥാർഥ്യമാക്കുന്നതിനുള്ള അവസരമാണ് ഇതുവഴി തുറന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെറ്റായ വിവരങ്ങൾ ആയുധമാക്കിയും സൈബർഭീഷണികളിലൂടെ ഉപയോക്താക്കൾക്ക് ദോഷം വരുത്തുകയും ചെയ്യുന്നതടക്കമുള്ള പ്രശ്‌നങ്ങൾ പുതിയ ഡിജിറ്റൽ ഇന്ത്യ ആക്ടിലൂടെ പരിഹരിക്കപ്പെടുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്‍റർനെറ്റിന്‍റെ അതിരുകളില്ലാത്ത സവിശേഷതകൾ കണക്കിലെടുത്ത് ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾ സംഭരിക്കുകയും വിവിധ ആവശ്യങ്ങൾക്ക് അവ ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോൾ പ്രസ്തുതവിവരങ്ങൾ മതിയാംവണ്ണം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പോന്ന വിശ്വാസയോഗ്യമായ ഡാറ്റ ഇടനാഴികൾ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി ചൂണ്ടികാട്ടി.
ഇന്ത്യ ആരെയും അനുകരിക്കുകയല്ല, മറിച്ച് സ്വന്തം പാത സൃഷ്ടിക്കുകയാണ് ചെയ്യ്തതെന്നും ഇന്ന് അത് പല രാജ്യങ്ങളും അനുകരിക്കുന്നുവെന്നും ഇന്ത്യ സ്റ്റാക്കിനെ അഭിനന്ദിച്ച് യു എ ഇ മന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ പറഞ്ഞത്. ഇന്ത്യയെപ്പോലെ വലുതായൊരു രാജ്യത്തിന് ഒരു ദശാബ്ദത്തിനുള്ളിൽ അത്യാധുനികമായ എന്തെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞുവെന്നത് നിസ്സാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.