'ചാണകത്തെപ്പറ്റി ശാസ്ത്രജ്ഞർ കൂടുതൽ ഗവേഷണം നടത്തണം': കേന്ദ്രമന്ത്രി

By Web TeamFirst Published Jan 14, 2020, 9:11 PM IST
Highlights

മഹാത്മാ ഗാന്ധിയുടെയും റാം മനോഹര്‍ ലോഹ്യയുടെയും ദീൻദയാൽ ഉപാദ്ധ്യായയുടെയും ആശയങ്ങള്‍ പിന്തുടര്‍ന്നാണ് താൻ ജീവിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദില്ലി: രാജ്യത്തെ ശാസ്ത്രജ്ഞര്‍ ചാണകത്തെപ്പറ്റി കൂടുതൽ ഗവേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിം​ഗ്. പശുക്കൾ പാൽ ഉല്പാദനം നിർത്തിയാലും അവയെ മികച്ച രീതിയിൽ പരിപാലിക്കാൻ ആവശ്യമായ പണം കണ്ടെത്താൻ ഇത് കര്‍ഷകരെ സഹായിക്കുമെന്ന് ഗിരിരാജ് സിം​ഗ് പറഞ്ഞു. രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ വൈസ് ചാൻസലര്‍മാര്‍ക്കും വെറ്റിനറി ഡോക്ടര്‍മാര്‍ക്കും വേണ്ടി നടത്തിയ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തെരുവിലൂടെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശുക്കൾ ഉത്തർപ്രദേശിൽ വലിയ പ്രശ്നമാണെന്ന് സിം​ഗ് പറഞ്ഞു. കൃഷിക്കാർക്ക് ചാണകത്തിൽ നിന്നും ഗോമൂത്രത്തിൽ നിന്നും പണം സമ്പാദിക്കാൻ കഴിയുമെങ്കിൽ അവർ അവരുടെ കന്നുകാലികളെ ഉപേക്ഷിക്കില്ലെന്നാണ് പ്രതിക്ഷിക്കുന്നതെന്നും സിംഗ് കൂട്ടിച്ചേർത്തു.

"പശുവിന്റെ പാൽ, ചാണകം, മൂത്രം എന്നിവയിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിര്‍മിക്കാൻ വലിയ സാധ്യതയുണ്ട്, ഇത് ആത്യന്തികമായി രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും"ഗിരിരാജ് സിം​ഗ് പറഞ്ഞു. കൃഷിയുടെ ചെലവ് കുറഞ്ഞാൽ ഗ്രാമങ്ങളും കര്‍ഷകരും അഭിവൃദ്ധിപ്പെടും. മഹാത്മാ ഗാന്ധിയുടെയും റാം മനോഹര്‍ ലോഹ്യയുടെയും ദീൻദയാൽ ഉപാദ്ധ്യായയുടെയും ആശയങ്ങള്‍ പിന്തുടര്‍ന്നാണ് താൻ ജീവിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

click me!