ഇന്ത്യയില്‍ ജനസംഖ്യ വര്‍ധിക്കുന്നത് ക്യാന്‍സര്‍ പടരുന്നത് പോലെയെന്ന് കേന്ദ്രമന്ത്രി

By Web TeamFirst Published Sep 27, 2019, 11:17 PM IST
Highlights

ശക്തമായ നിയമനടപടികളാണ് ജനസംഖ്യ നിയന്ത്രിക്കാന്‍ രാജ്യത്ത് കൊണ്ടുവരേണ്ടതെന്നും അത് അനുസരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു

ദില്ലി: ഇന്ത്യയില്‍ ജനസംഖ്യാവര്‍ധനവ് ക്യാന്‍സര്‍ പടര്‍ന്നുപിടിക്കുന്നത് പോലെയെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ജനസംഖ്യാവര്‍ധനവിനെക്കുറിച്ച് നടന്ന ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

'ക്യാന്‍സറിന്റെ രണ്ടാം ഘട്ടം പോലെയാണ് ഇപ്പോഴത്തെ ജനസംഖ്യാവര്‍ധനവ്. ഇനിയെങ്കിലും ഇത് തടഞ്ഞില്ലെങ്കില്‍ മൂന്നും നാല് ഘട്ടത്തിലേക്ക് ഇതെത്തും. ഒടുവില്‍ ഭേദപ്പെടുത്താനാകാത്ത അവസ്ഥയിലേക്കുമെത്തും.'- ഗിരിരാജ് സിംഗ് പറഞ്ഞു. 

ശക്തമായ നിയമനടപടികളാണ് ജനസംഖ്യ നിയന്ത്രിക്കാന്‍ രാജ്യത്ത് കൊണ്ടുവരേണ്ടതെന്നും അത് അനുസരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

'ചൈനയിലേത് പോലെ രാജ്യം, ജനസംഖ്യാവര്‍ധനവിനെതിരെ ശക്തമായ നിലപാടെടുക്കണം. നിയമപരമായിത്തന്നെ ജനസംഖ്യാനിയന്ത്രണം ഏര്‍പ്പെടുത്തണം. ഇതിനെതിരെ നില്‍ക്കുന്നവര്‍ അവരുടെ മതം മുന്‍നിര്‍ത്തി ചര്‍ച്ചയ്ക്ക് തയ്യാറാവണം.'- ഗിരിരാജ് സിംഗ് പറഞ്ഞു. 

വര്‍ധിച്ചുവരുന്ന ജനസംഖ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചിരുന്നതായും ഈ വിഷയത്തില്‍ വേണ്ടത്ര ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി അടുത്ത മാസം ഒരു ജാഥ സംഘടിപ്പിക്കാനാണ് തീരുമാനമെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു.

click me!