എട്ട് കേന്ദ്രമന്ത്രിമാർ ജമ്മുകശ്മീരിലേക്ക്;  യാത്ര സർക്കാർ നയം ജനങ്ങളോട് വിശദീകരിക്കാന്‍

By Web TeamFirst Published Jan 15, 2020, 7:28 PM IST
Highlights

സർക്കാർ നയം ജനങ്ങളോട് വിശദീകരിക്കാനാണ് കേന്ദ്രമന്ത്രിമാരുടെ  ജമ്മുകശ്മീര്‍ യാത്ര. രവിശങ്ങർ പ്രസാദ്, ഗിരിരാജ് സിംഗ്, പിയൂഷ് ഗോയൽ തുടങ്ങിയവർ സംഘത്തിലുണ്ടാവും.

ദില്ലി: ജമ്മുകശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ കേന്ദ്രം നീക്കം തുടങ്ങി. എട്ട് കേന്ദ്രമന്ത്രിമാർ ഈയാഴ്ച ജമ്മുകശ്മീരിലെത്തും. ഇതിനിടെ  ചൈനയുടെ സമ്മർദ്ദത്തെതുടർന്ന് കശ്മീർ വിഷയം ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാസമിതി ഇന്ന് വീണ്ടും യോഗം ചേരും.

ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ പുനപരിശോധിക്കാനുള്ള സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം. എട്ട് കേന്ദ്രമന്ത്രിമാർ ഈയാഴ്ച ജമ്മുകശ്മീരിലെത്തുമെന്ന് അറിയിച്ച് കേന്ദ്രം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. കേന്ദ്രസർക്കാർ നയങ്ങളെക്കുറിച്ച് വിശദീകരിക്കാനാണെന്നാണ് കത്തിൽ പറയുന്നത്. രവിശങ്കർ പ്രസാദ്, ഗിരിരാജ് സിംഗ്, പിയൂഷ് ഗോയൽ തുടങ്ങിയവർ സംഘത്തിലുണ്ട്.

കശ്മീര്‍ താഴ്‍വരയില്‍ ആശുപത്രി, ബാങ്കിംഗ്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയ്ക്കുള്ള ഇന്‍റര്‍നെറ്റ് സേവനം ഇന്ന് രാവിലെ പുനസ്ഥാപിച്ചിരുന്നു. ഹോട്ടലുകള്‍ക്കും യാത്രാ സ്ഥാപനങ്ങള്‍ക്കും ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് നല്‍കി. സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും. ജമ്മുവിൽ മൊബൈൽ ഇൻറർനെറ്റും ഭാഗികമായി പുനഃസ്ഥാപിച്ചു. ദോഡ ജില്ലിയിലെ ഹിസ്ബുൽ കമാൻഡർ ഹാറുൺ അവാസിനെ വധിച്ചതിനെ തുടർന്ന് ചില ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം, അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജമ്മുകശ്മീർ വിഷയം യുഎൻ സുരക്ഷാസമിതിയിൽ എത്തുന്നത്. വിഷയം ചർച്ച ചെയ്യണമെന്ന് ചൈന ആവശ്യപ്പെട്ടു. ഫ്രാൻസ് ശക്തമായി എതിക്കുന്ന സാഹചര്യത്തിൽ പ്രത്യേക സമ്മേളനത്തിനോ വിശദമായ യോഗത്തിനോ സാധ്യതയില്ല. പാകിസ്ഥാനെ സമാധാനിപ്പിക്കാനാണ് ചൈനീസ് നീക്കം. സ്ഥിതി നിരീക്ഷിക്കുന്നു എന്ന് ഇന്ത്യ വ്യക്തമാക്കി.

click me!