Railway : രാജ്യത്തെ ആറായിരത്തിലധികം റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമെന്ന് കേന്ദ്രമന്ത്രി

By Web TeamFirst Published Dec 10, 2021, 6:48 PM IST
Highlights

ഓരോ ദിവസത്തിന്റെയും ആദ്യത്തെ അരമണിക്കൂർ സൗജന്യമായും പിന്നീട് ചാർജ് ഈടാക്കാവുന്ന രീതിയിലും ആണ് ഇവ പൊതുജനങ്ങൾക്ക് ലഭ്യമാകുക. ഈ സ്റ്റേഷനുകളിലെ മൊത്തം ഡാറ്റ ഉപയോഗം പ്രതിമാസം ഏകദേശം 97.25 ടെറാബൈറ്റ് ആണെന്നും മന്ത്രി

രാജ്യത്തെ 6000 ൽ അധികം റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി. ഇന്ത്യയിലുടനീളമുള്ള 6071 റെയിൽവേ സ്റ്റേഷനുകളിൽ ഇപ്പോൾ വൈ-ഫൈ സേവനങ്ങൾ ലഭ്യമാണ്. ഓരോ ദിവസത്തിന്റെയും ആദ്യത്തെ അരമണിക്കൂർ സൗജന്യമായും പിന്നീട് ചാർജ് ഈടാക്കാവുന്ന രീതിയിലും ആണ് ഇവ പൊതുജനങ്ങൾക്ക് ലഭ്യമാകുക. ഈ സ്റ്റേഷനുകളിലെ മൊത്തം ഡാറ്റ ഉപയോഗം പ്രതിമാസം ഏകദേശം 97.25 ടെറാബൈറ്റ് ആണെന്നും മന്ത്രി പറഞ്ഞു.

ഈ പദ്ധതിക്കായി റെയിൽവേ മന്ത്രാലയം പ്രത്യേക ഫണ്ടുകളൊന്നും അനുവദിച്ചിട്ടില്ല. ഗ്രാമീണ മേഖലയിലെ 193 റെയിൽവേ സ്റ്റേഷനുകളിൽ വൈ-ഫൈ സേവനങ്ങൾ നൽകുന്നതിന് യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിന് കീഴിൽ 27.22 കോടി രൂപയുടെ ഫണ്ട് ടെലികോം വകുപ്പ് അനുവദിച്ചിട്ടുണ്ട്. 1287 റെയിൽവേ സ്റ്റേഷനുകളിൽ (മിക്കവാറും A1 & A കാറ്റഗറി സ്റ്റേഷനുകൾ) വൈ-ഫൈ സേവനങ്ങൾ റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് നൽകി വരുന്നുണ്ട്. ശേഷിക്കുന്ന സ്റ്റേഷനുകളിൽ, മൂലധനച്ചെലവില്ലാതെ, വിവിധ സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി CSRചാരിറ്റി പ്രോജക്ടുകൾ എന്നിവക്ക് കീഴിൽ ഈ സേവനങ്ങൾ നൽകിയിട്ടുണ്ടെന്നും കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 


ഇളവുകൾ വെട്ടിക്കുറച്ച് റെയിൽവേ, മുതിർന്ന പൗരൻമാരടക്കം ഇനി ഫുൾ ചാർജ് കൊടുക്കണം

മുതിർന്ന പൗരന്മാർക്ക് ഉൾപ്പടെയുള്ള യാത്രാ നിരക്കിളവുകൾ  തിരികെ കൊണ്ട് വരില്ലെന്ന് റെയിൽവേ . കൊവിഡിനെ  തുടർന്ന് നിർത്തിവെച്ച സർവ്വീസുകൾ സാധാരണനിലയിൽ പുനരാരംഭിച്ചെങ്കിലും നിരക്കിലെ ഇളവുകൾ തിരികെ കൊണ്ടുവരില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഇതോടെ വിവിധ വിഭാ​ഗങ്ങളിൽ ഉൾപ്പെട്ട നിരവധിയാളുകൾക്ക് റെയിൽവേ യാത്രനിരക്കിൽ കിട്ടിക്കൊണ്ടിരുന്ന ഇളവുകൾ ഇല്ലാതാവും. കൊവിഡ് വ്യാപനത്തെ തുട‍ർന്ന്  കഴിഞ്ഞ വർഷം മാർച്ചിൽ ഭിന്നശേഷിക്കാർ, രോഗികൾ ഉൾപ്പടെ തെരഞ്ഞെടുത്ത നാല് വിഭാഗങ്ങളൊഴികെ മറ്റെല്ലാവർക്കുമുള്ള ഇളവുകളും റെയിൽവേ നിർത്തിവെച്ചിരുന്നു. കൊവിഡിന് മുമ്പ് 53 വിഭാഗങ്ങളിലാണു ഇളവ് അനുവദിച്ചിരുന്നത്. മുതിർന്ന പൗരന്മാർ, പൊലീസ് മെഡൽ ജേതാക്കൾ, ദേശീയ പുരസ്കാരം നേടിയ അധ്യാപകർ, യുദ്ധത്തിൽ മരിച്ചവരുടെ വിധവകൾ, പ്രദർശനമേളകൾക്ക് പോകുന്ന കർഷകർ / കലാപ്രവർത്തകർ, കായികമേളകളിൽ പങ്കെടുക്കുന്നവർ തുടങ്ങിയവർക്ക് യാത്രാനിരക്കിൽ 50 മുതൽ 75 ശതമാനം വരെ ഇളവ് നൽകിയിരുന്നു.


പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ

പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ കണക്കിൽ എടുത്താണ് പുതിയ തീരുമാനം. നേരത്തെ 50 രൂപ ആക്കിയ നിരക്ക് പഴയ 10 രൂപയിലേക്ക് മാറ്റിയതായി റെയിൽവേ അറിയിച്ചു. നിരക്ക്  ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.  ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയിൽ നിന്ന്  10 രൂപയാക്കി മാറ്റുമെന്നാണ് അറിയിപ്പ്.

click me!