
ദില്ലി: അമർനാഥ് തീർത്ഥാടകരോടും വിനോദസഞ്ചാരികളോടും മടങ്ങി പോകാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിന് പിന്നാലെ ജമ്മു കശ്മീർ സംസ്ഥാനത്തേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പുമായി യുകെ സർക്കാരും ജർമ്മനിയും. ജമ്മു കശ്മീരിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ഇരു രാജ്യങ്ങളും പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി.
കശ്മീരിൽ ബോംബ് സ്ഫോടനവും വെടിവയ്പ്പുമടക്കമുള്ള സംഭവങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് ഫോറിൻ കോമൺ വെൽത്ത് ഓഫീസ് പുറത്തിറക്കിയ ട്രാവൽ അഡ്വൈസറി മുന്നറിയിപ്പ് നൽകുന്നു. ജമ്മുവിലേക്ക് വായുമാർഗം സഞ്ചരിക്കുന്നതിനും ജമ്മു നഗരത്തിനകത്ത് സഞ്ചരിക്കുന്നതിന് പ്രശ്നമില്ല. ഫൽഗാം, ഗുൽമാർഗ്, സോൻമാർഗ് എന്നീ വിനോദസഞ്ചാര മേഖലകളിലേക്ക് സഞ്ചരിക്കരുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് പറയുന്നു.
കശ്മീരിൽ തങ്ങുന്നവർ ഉടൻ സംസ്ഥാനത്ത് നിന്ന് പുറത്ത് കടക്കണമെന്ന് ജർമ്മനിയും മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ ഫ്ലൈറ്റ് ടിക്കറ്റുകൾക്കായി വിനോദ സഞ്ചാരികൾ തിരക്ക് കൂട്ടിയത് ശ്രീനഗർ എയർപോർട്ടിലടക്കം ആശയക്കുഴപ്പത്തിനിടയാക്കി.
അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് പാകിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് സുരക്ഷാസേന തലവന്‍മാര്‍ വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് തങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും പെട്ടെന്ന് മടങ്ങി പോകാൻ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ആഭ്യന്തര സെക്രട്ടറി പുറത്തുവിട്ട ഉത്തരവിലാണ് സുരക്ഷകാരണങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാനം വിടാന്‍ സഞ്ചാരികളോടും തീര്‍ത്ഥാടകരോടും ആവശ്യപ്പെട്ടത്.
കശ്മീരില്‍ പൊടുന്നനെയുണ്ടായ സൈനികവിന്യാസവും അതീവ ജാഗ്രതാ നിര്‍ദ്ദേശവും സംസ്ഥാനത്തെ സാധാരണ ജനങ്ങളെ വല്ലാത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ ഉടനെയുണ്ടാവും എന്ന അഭ്യൂഹം സംസ്ഥാനത്ത് വളരെ ശക്തമാണ്. സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള സാധാരണ സുരക്ഷാ നടപടികളാണ് ഇതെന്നും അതല്ല നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുള്ള സൈനികവിന്യാസമാണെന്നും പലരും കരുതുന്നു.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പും കശ്മീര്‍ നിയമസഭയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന 35- എ വകുപ്പും എടുത്തു കളയുന്ന പ്രഖ്യാപനം ഉടനെയുണ്ടാവും എന്നും അഭ്യൂഹങ്ങളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam