പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തു; കോളേജ് പ്രൊഫസറെ ബിജെപി വനിതാ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് പരാതി

By Web TeamFirst Published Dec 31, 2019, 2:30 PM IST
Highlights

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത് മടങ്ങും വഴി ക്യാമ്പസില്‍ വെച്ച് ഒരു സംഘം ബിജെപിയുടെ 'മാന്യ വനിതകള്‍' തന്നെ മര്‍ദ്ദിച്ചുവെന്ന് അസിസ്റ്റന്‍റ് പ്രൊഫസര്‍ ആരോപിച്ചു.

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് തന്നെ ബിജെപിയുടെ വനിതാ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി ജാദവ്പുര്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ രംഗത്ത്. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ദൊയീത മജൂംദാറാണ് ആരോപണവുമായി രംഗത്തെത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്ത് മടങ്ങും വഴി ക്യാമ്പസില്‍ വെച്ച് ഒരു സംഘം ബിജെപി വനിതകള്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് അസിസ്റ്റന്‍റ് പ്രൊഫസര്‍ ആരോപിച്ചു. തന്നിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നും അവര്‍ ആരോപിച്ചു.  ആക്രമിച്ചവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. 

അതേസമയം, ആരോപണം തള്ളി ബിജെപി സംസ്ഥാന നേതൃത്വം രംഗത്തുവന്നു. ബിജെപി പ്രവര്‍ത്തകര്‍ പ്രൊഫസറെ മര്‍ദ്ദിച്ചിട്ടില്ലെന്നും തീവ്ര ഇടതുപക്ഷമാണ് സംഭവത്തിന് പിന്നിലെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. ബിജെപി എംപിമാരുള്‍പ്പെടെ പങ്കെടുത്ത യോഗം ക്യാമ്പസിന് പുറത്തുനടന്ന പരിപാടിയില്‍ പങ്കെടുക്കുന്ന സമയത്താണ് അസിസ്റ്റന്‍റ് പ്രൊഫസര്‍ക്ക് മര്‍ദ്ദനമേറ്റത്.

ബിജെപി സംഘടിപ്പിച്ച പരിപാടിക്കിടെ എതിര്‍പ്പുമായി ഒരു സംഘമെത്തിയിരുന്നു. പ്രൊഫസര്‍ക്കെതിരെയുള്ള ആക്രമണത്തെ ജാദവ്പുര്‍ യൂണിവേഴ്സിറ്റി ടീച്ചേര്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പാര്‍ഥ പ്രതിം റോയ് അപലപിച്ചു. ബിജെപി പ്രവര്‍ത്തകരുടെ മോശം പെരുമാറ്റം പ്രതിഷേധാര്‍ഹമാണെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

click me!