
ദില്ലി: കൊവിഡ് ലോക്ക്ഡൗൺ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുവാദം. ഒക്ടോബർ 15 മുതൽ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകൾ തുറക്കാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങൾ കേന്ദ്രസർക്കാർ പിന്നീട് വ്യക്തമാക്കും. സ്വിമ്മിങ് പൂളുകളും തുറക്കാൻ അനുമതി നൽകുന്നുണ്ട്.
കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള സിനിമ ശാലകൾക്കും എന്റർടെയ്ൻമെന്റ് പാർക്കുകൾക്കും തുറക്കാം. ബിസിനസ് ടു ബിസിനസ് എക്സിബിഷൻ കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് നടത്താം. എല്ലാ വിധ ആൾക്കൂട്ടങ്ങൾക്കും ഒരു അടച്ചിട്ട ഹാളിനകത്ത് 200 പേരെ പരമാവധി അനുവദിച്ചു. അടച്ചിട്ട മുറിയിൽ 50 ശതമാനത്തിൽ കൂടുതൽ പേരെ അനുവദിക്കരുത്. തുറസായ സ്ഥലത്ത് മൈതാനത്തിന്റെ വലിപ്പം അനുസരിച്ച് ആളുകളെ അനുവദിക്കാം.
സ്കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. ഇത് ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. സ്കൂളുകളുമായി ചർച്ച നടത്തി തീരുമാനിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഓൺലൈൻ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അനുമതി നൽകണം. സ്കൂളുകളിൽ ക്ലാസിൽ ഹാജരാവാൻ ആഗ്രഹിക്കാത്ത കുട്ടികളുണ്ടെങ്കിൽ അവർക്ക് ഓൺലൈൻ ക്ലാസിന് അവസരം ഒരുക്കണം. മാതാപിതാക്കളുടെ രേഖമൂലമുള്ള സമ്മത പത്രത്തോടെ മാത്രമേ കുട്ടികളെ നേരിട്ട് ക്ലാസിൽ പങ്കെടുപ്പിക്കാവൂ. ഹാജർ നിർബന്ധിക്കരുത്. ഇതിന് മാതാപിതാക്കളുടെ സമ്മതം വാങ്ങണം. വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് വേണം ക്ലാസുകൾ പ്രവർത്തിക്കാനെന്നും കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളേജുകളും തുറക്കുന്ന കാര്യത്തിൽ ഇവരുടെ കൂടി അനുമതി വാങ്ങി വേണം സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ തീരുമാനമെടുക്കാൻ. വിദൂര വിദ്യഭ്യാസവും ഓൺലൈൻ വിദ്യാഭ്യാസത്തിനും അവസരം ലഭ്യമാക്കണം. സയൻസ് വിഷയങ്ങളിൽ പിജി, പിഎച്ച്ഡി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലാബ് ചെയ്യുന്നതിന് ഒക്ടോബർ 15 മുതൽ അവസരം നൽകണം. കേന്ദ്ര സർവകലാശാലകളിൽ വകുപ്പ് മേധാവികൾക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കാം. സംസ്ഥാന യൂണിവേഴ്സിറ്റികൾ, സ്വകാര്യ സർവകലാശാലകൾ, കോളേജുകൾ എന്നിവയുടെ കാര്യത്തിൽ ലാബ് സൗകര്യം ഒഴികെയുള്ള എന്ത് തീരുമാനവും സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയാവണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam