
ലഖ്‍നൗ: ഹാഥ്റസില്‍ പത്തൊമ്പതുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തണുപ്പിക്കാന്‍ യുപി സർക്കാർ. പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനവും കുടുംബത്തിൽ ഒരാൾക്ക് ജോലിയും നൽകുമെന്ന് സർക്കാർ അറിയിച്ചു. കുടുംബത്തിന്‍റെ അനുമതിയില്ലാതെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച് സംസ്കരിച്ചത് യുപി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതലേ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഒരു നോക്ക് കാണണമെന്ന കുടംബാംഗങ്ങളുടെ അപേക്ഷ പോലും മുഖവിലയ്ക്ക് എടുക്കാതെയുള്ള നടപടി.
സംസ്ഥാന സർക്കാരിനും കേന്ദ്രസർക്കാരിനുമതെിരെ രോഷം ആളിക്കത്തിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടു. കർശന നടപടി സ്വീകരിക്കാൻ യുപി മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി. ഇതിനു പിന്നാലെയാണ് സഹായധനവും ജോലിയും പ്രഖ്യാപിച്ചത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെയും നിയോഗിച്ചു. മുഖം രക്ഷിക്കാനുള്ള നടപടി അംഗീകരിക്കില്ലെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കും വരെ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ സംസ്ഥാനസർക്കാരിന് കമ്മീഷൻ നോട്ടീസ് അയച്ചു. കേസിൽ സിബിഐയോ ജൂഡീഷ്യൽ അന്വേഷണമോ നടത്തണം എന്നാവശ്യപ്പെട്ട് സുപ്രീ കോടതിയിൽ പൊതുതാൽപര്യ ഹർജി എത്തി. കേസിന്‍റെ വിചാരണ ദില്ലിക്ക് മാറ്റണമെന്നും ഇതിനായി അതിവേഗകോടതി സ്ഥാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam