ഉന്നാവ് കേസിലെ വിചാരണ ഇന്ന് ദില്ലി എയിംസില്‍ ആരംഭിക്കും

By Web TeamFirst Published Sep 11, 2019, 6:19 AM IST
Highlights

 പെണ്‍കുട്ടിയുടെ ആവശ്യപ്രകാരമാണ് എയിംസില്‍ താത്കാലിക വിചാരണ കോടതിക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്. മൊഴി രേഖപ്പെടുത്താന്‍ ദില്ലി ഹൈക്കോടതിയും അനുമതി നല്‍കി. മൊഴി രേഖപ്പെടുത്തും മുമ്പ് ഡോക്ടർമാർ പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിക്കുകയും കോടതിയെ അറിയിക്കുകയും വേണം

ദില്ലി:  ഉന്നാവ് പീഡനക്കേസിന്‍റെ വിചാരണ ദില്ലി എയിംസ് ആശുപത്രിയിൽ ഒരുക്കിയ താത്കാലിക കോടതിയിൽ ഇന്നാരംഭിക്കും. പ്രത്യേക ജഡ്ജി ധര്‍മേശ് ശര്‍മ്മയാണ് കേസ് പരിഗണിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്യുക. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരമാണ് എയിംസില്‍ താത്കാലിക വിചാരണ കോടതിക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്.

മൊഴി രേഖപ്പെടുത്താന്‍ ദില്ലി ഹൈക്കോടതിയും അനുമതി നല്‍കി. മൊഴി രേഖപ്പെടുത്തും മുമ്പ് ഡോക്ടർമാർ പെൺകുട്ടിയുടെ ആരോഗ്യനില പരിശോധിക്കുകയും കോടതിയെ അറിയിക്കുകയും വേണം. സിബിഐയുടെയും പ്രതി കുൽദീപ് സിങ്‌ സെൻഗറിന്‍റെയും അഭിഭാഷകർ താത്കാലിക കോടതിയിൽ ഹാജരാകും. രഹസ്യവിചാരണയായതിനാൽ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പ്രവേശനമുണ്ടാകില്ല.

താത്കാലിക കോടതിക്ക് സമീപത്തെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കണമെന്ന് സെഷൻസ് ജഡ്ജി നിർദേശം നൽകിയിട്ടുണ്ട്. ദൈനംദിന വിചാരണയാകും നടത്തുക. ഇതിനിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെൺകുട്ടിയുടെ മൊഴി പുറത്ത് വന്നിരുന്നു.

കാറപകടത്തിന് പിന്നിൽ, താന്‍ നല്‍കിയ ബലാത്സംഗ കേസിലെ പ്രതിയായ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെന്‍ഗാറെന്നാണ് ഉന്നാവ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്നെ ഇല്ലാതാക്കുകയായിരുന്നു കുൽദീപിന്‍റെ ലക്ഷ്യമെന്നും ഇതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു.

അപകടത്തിന് മുൻപ് കുൽദീപും കൂട്ടാളികളും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. 2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നതാണ് കേസ്.

ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്. 

click me!