
ലക്നൗ: ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് പെൺകുട്ടി ചികിത്സയിൽ കഴിയുന്ന കിംഗ് ജോർജ്ജ് ആശുപത്രി. കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ട്രോമാ കെയർ മേധാവി സന്ദീപ് തിവാരി അറിയിച്ചു. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ആശുപത്രിയിലെത്തി പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.
പെൺകുട്ടിയെ ഇന്ന് ദില്ലിയിലേക്ക് മാറ്റിയേക്കില്ല. പുതിയ നിർദ്ദേശങ്ങൾ കിട്ടിയിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. പെൺകുട്ടിക്ക് ലക്നൗവിൽ തന്നെ വിദഗ്ധ ചികിത്സ നൽകാനാവുമെന്നും സന്ദീപ് തിവാരി വ്യക്തമാക്കി. വിദഗ്ധ ചികിത്സക്കായി പെണ്‍കുട്ടിയെ ദില്ലിക്ക് കൊണ്ടുവരുന്ന കാര്യം കുടുംബവുമായി ആലോചിക്കാൻ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ കോടതി നാളെ ഉത്തരവിറക്കും.
പെൺകുട്ടിക്ക് ലക്നൗവിൽ തന്നെ വിദഗ്ദ ചികിത്സ നൽകാനാവുമെന്നും പരീക്ഷണാടിസ്ഥാനത്തിൽ ഒരു തവണ വെന്‍റിലേറ്റർ മാറ്റി നോക്കിയിരുന്നെന്നും സന്ദീപ് തിവാരി അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും ലക്നൗവിലെ കിംഗ് ജോർജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
പെൺകുട്ടിക്ക് 20 ലക്ഷം രൂപ അടിയന്തര സഹായം ഉത്തർപ്രദേശ് സർക്കാർ നൽകണമെന്ന് ഇന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പെൺകുട്ടിക്കും കുടുംബത്തിനും സിആർപിഎഫ് സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സഹായം നാളെ തന്നെ നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ ലക്‌നൗ സിബിഐ കോടതിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി. 5 കേസുകളാണ് ലക്നൗവിൽ നിന്ന് ദില്ലിയിലേക്ക് മാറ്റിയത്. നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി അയച്ച കത്ത് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടൽ. പെണ്‍കുട്ടിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയതടക്കമുള്ള നാല് കേസുകളാണ് നിലവിൽ ലക്നൗ സിബിഐ കോടതിയിലുള്ളത്. ഇതിന് പുറമെയാണ് പെണ്‍കുട്ടിയെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്. ഈ അഞ്ച് കേസുകളുടെയും വിചാരണയാണ് ദില്ലിയിലേക്ക് മാറ്റിയത്.
ഉന്നാവ് കേസ് പരിഗണിക്കാനായി ദില്ലിയിൽ പ്രത്യേക കോടതി സ്ഥാപിക്കും. 7 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട കോടതി 45 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കണമെന്നും ഉത്തരവിട്ടു.
ഉന്നാവ് പീഡനക്കേസ് ചരിത്രം
2017 ജൂൺ മൂന്നാം തീയതിയാണ് കുൽദീപ് സെംഗാർ എംഎൽഎ പെൺകുട്ടിയെ പീഡനത്തിനിരയാക്കുന്നത്. അയൽക്കാരിയായ ശശി സിങ്ങ് ജോലി വാങ്ങിച്ചു തരാമെന്ന് പറഞ്ഞ് ബിജെപി എംഎൽഎയായ കുൽദീപ് സെംഗാറുടെ വീട്ടിലെത്തിച്ചെന്നും ശശി സിങ് മുറിക്ക് കാവൽ നിൽക്കെ എംഎൽഎ ബലാൽസംഗം ചെയ്തെന്നുമാണ് പെൺകുട്ടിയുടെ പരാതി. ജൂൺ 11ന് പെൺകുട്ടിയെ കാണാതായി ഒമ്പത് ദിവസങ്ങൾക്ക് ശേഷം ജൂൺ 20ന് ഓരിയ ഗ്രാമത്തിൽ നിന്ന് പെൺകുട്ടിയെ പൊലീസ് കണ്ടെത്തി. കോടതിക്ക് മുമ്പാകെ ഹാജരാക്കപ്പെട്ട പെൺകുട്ടി സിആർപിസി സെക്ഷൻ 164 പ്രകാരം രഹസ്യ മൊഴി രേഖപ്പെടുത്തി.
എംഎൽഎയുടെ സഹോദരനും കൂട്ടാളികളും കൂടി തട്ടിക്കൊണ്ടുപോയി കൂട്ട ബലാൽസംഗത്തിനിരയാക്കിയെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി, എംഎൽഎയുടെ പേര് പറയാൻ പൊലീസ് അനുവദിച്ചില്ലെന്നും പെൺകുട്ടി പരാതിപ്പെട്ടു. പൊലീസ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് പെൺകുട്ടി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഉയർന്ന പൊലീസുദ്യോഗസ്ഥർക്കും പരാതി നൽകി. എംഎൽഎക്കും സഹോദരൻ അതുൽ സിങ്ങിനുമെതിരെ ബലാൽസംഗ കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതികൾ.
2018 ഫെബ്രുവരി 24ന് സിആർപിസി സെക്ഷൻ 156(3) പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ ഉന്നാ സിജെഎം കോടതിയെ സമീപിച്ചു. അമ്മയുടെ ഹർജി കോടതി പരിഗണിച്ച ദിവസം, കുടുംബത്തോടൊപ്പം കോടതിയിലേക്ക് വരുകയായിരുന്ന പെൺകുട്ടിയുടെ അച്ഛനെ എംഎൽഎയുടെ സഹോദരൻ അതുൽ സിങ്ങും കൂട്ടാളികളും മർദ്ദിച്ചവശനാക്കി പൊലീസിനു കൈമാറി. അനധികൃതമായി ആയുധം കൈവെച്ചെന്ന് കേസ് ചാർജ്ജ് ചെയ്ത് പൊലീസ് അച്ഛനെ അറസ്റ്റു ചെയ്തു. എംഎൽഎയുടെ സഹോദരനും ഗുണ്ടകളും തന്നെ മർദ്ദിച്ചെന്നും എംഎൽഎയുടെ നിർദ്ദേശപ്രകാരം പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നും പെൺകുട്ടിയുടെ അച്ഛൻ ആരോപിക്കുന്നു.
പെൺകുട്ടിയുടെ ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചപ്പോൾ
ദേശീയ ശ്രദ്ധയിലേക്ക്...
2018 ഏപ്രിലിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ പെൺകുട്ടി ആത്മഹത്യാ ശ്രമം നടത്തി ഇതോടെയാണ് കേസ് ദേശീയ ശ്രദ്ധയാകർഷിച്ചത്. ഏപ്രിൽ 9ന് പൊലീസ് തടവിലാക്കിയിരുന്ന പെൺകുട്ടിയുടെ പിതാവ് ആശുപത്രിയിൽ മരിച്ചു. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ 6 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ച കുറ്റത്തിന് എംഎൽഎ കുൽദീപ് സെംഗാറുടെ 4 കൂട്ടാളികളെ പൊലീസ് അറസ്റ്റു ചെയ്തു.
പീഡിപ്പിക്കപ്പെട്ട സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിയിക്കാൻ വ്യാജ രേഖ ചമച്ചുവെന്ന കേസിൽ പൊലീസ് പെൺകുട്ടിയുടെയും അമ്മയുടെയും അമ്മാവന്‍റെയും പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസിലെ പ്രതിയായ ശശി സിങ്ങിന്റെ ഭർത്താവ് കൊടുത്ത പരാതിയെതുടർന്നായിരുന്നു ഇത്. എംഎൽഎയുടെ സഹോദരൻ അതുൽ സിങ് കൊടുത്ത പരാതിയിൻമേലുള്ള കേസിൽ പെൺകുട്ടിയുടെ അമ്മാവന് 10 വർഷത്തെ തടവു ശിക്ഷ വിധിച്ചു.
ഈ വർഷം ജൂലൈ 28ന് ജയിലിൽ കഴിയുന്ന അമ്മാവനെ കാണാൻ പോകാൻ പെൺകുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ചിരുന്ന വാഹനത്തിൽ അമിത വേഗത്തിൽ വന്ന ട്രക്ക് ഇടിച്ചു. അപകടത്തിൽ പെൺകുട്ടിയുടെ മാതൃസഹോദരിയും പിതൃസഹോദരിയും മരിച്ചു, മറ്റ് 2 പേർക്കും മാരകമായി പരിക്കേറ്റു, പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ് ഇപ്പോൾ. പെൺകുട്ടിയുടെ സുരക്ഷാദ്യോഗസ്ഥർ അപകട സമയത്ത് വാഹനത്തിൽ ഇല്ലായിരുന്നു.
അപകടം നേരിൽ കണ്ടയാൾ പറയുന്നത് കേൾക്കാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam