ഉന്നാവ് കേസ്: നിർണ്ണായക ചോദ്യത്തിന് ആപ്പിൾ കമ്പനി ഉത്തരം നൽകണം

By Web TeamFirst Published Sep 29, 2019, 9:00 AM IST
Highlights

ഉന്നാവ് ബലാത്സംഗ കേസിൽ കുറ്റം നടന്നുവെന്ന് കരുതുന്ന ദിവസം പ്രതിയും എംഎൽഎയും മുൻ ബിജെപി നേതാവുമായ കുൽദീപ് സിംഗ് സെംഗാർ എവിടെയായിരുന്നുവെന്ന് വ്യക്തമാക്കണം

ദില്ലി: ഉന്നാവ് ബലാത്സംഗ കേസുമായി ബന്ധപ്പെട്ട നിർണ്ണായക ചോദ്യത്തിന് അമേരിക്കൻ മൊബൈൽ കമ്പനിയായ ആപ്പിൾ ഉത്തരം നൽകണം. കുറ്റകൃത്യം നടന്ന ദിവസം പ്രതിയും എംഎൽഎയും മുൻ ബിജെപി നേതാവുമായ കുൽദീപ് സിംഗ് സെംഗാർ എവിടെയായിരുന്നുവെന്നാണ് പറയേണ്ടത്. ഉന്നാവിൽ വച്ച് 16 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

ഒക്ടോബർ ഒൻപത് വരെയാണ് ആപ്പിളിന് സമയം നൽകിയിരിക്കുന്നത്. ആപ്പിൾ കമ്പനി രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്.  ഈ വിവരങ്ങൾ സൂക്ഷിച്ച് വച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും, ഉണ്ടെങ്കിൽ തന്നെ എവിടെയാണ് സൂക്ഷിച്ചതെന്നും വീണ്ടെടുക്കാൻ സാധിക്കുമോയെന്നും അറിയേണ്ടതുണ്ടെന്നും ആപ്പിൾ കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഈ വിവരങ്ങൾ നൽകാനാവുമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.

ഈ വിവരം ലഭ്യമാക്കുന്നതിനൊപ്പം, ഇക്കാര്യം സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഉത്തരവാദപ്പെട്ട സിസ്റ്റം അനലിസ്റ്റിന്റെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെയോ സാക്ഷ്യപത്രം കൂടി സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. 

ജോലി സംബന്ധിച്ച ആവശ്യവുമായി 2017 ജൂൺ നാലിന് വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നതാണ് കേസ്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം, ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ, 2018 ഏപ്രിൽ മൂന്നിന് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു. 

ജൂലൈ 28-നാണ് റായ്‍ബറേലിക്ക് അടുത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. റായ്‌ബറേലി ജയിലിൽ കഴിയുന്ന അമ്മാവനെ സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു ഇവരുടെ കാറിൽ ട്രക്ക് ഇടിച്ചത്. അന്ന് പെൺകുട്ടിയ്ക്ക് ഒപ്പം സഞ്ചരിച്ച രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു. അതിവേഗത്തിൽ വന്ന ട്രക്ക് പെൺകുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ സംഭവത്തിന് പിന്നിലും കുൽദീപ് സെംഗാറാണെന്ന് പെൺകുട്ടി മൊഴി നൽകി.

click me!