
ലഖ്‌നൗ: കൂട്ടബലാത്സംഗ കേസിന്റെ വിചാരണയ്ക്ക് പോയ യുവതിയെ പ്രതികൾ ചുട്ടുകൊല്ലാൻ ശ്രമിച്ച സംഭവത്തിൽ, യുവതിയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഒരു ഇൻസ്‌പെക്ടറും രണ്ടു കോൺസ്റ്റബിൾമാരും ഉൾപ്പെട്ട സംഘത്തെ സുരക്ഷയ്ക്കായി നിയോഗിച്ചു.
മുന്കരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് ഐജി പ്രവീൺ കുമാർ പറഞ്ഞു. പ്രതിയുടെ ബന്ധുക്കളിൽ നിന്ന് പെണ്കുട്ടിയുടെ കുടുംബത്തിനു ഭീഷണി ഉണ്ടെന്ന പരാതിയെ തുടർന്നാണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയത്.
അതേസമയം 23കാരിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ സുനില്‍ ഗുപ്തയുടെ നേതൃത്വത്തിലാണ് ഇവര്‍ക്ക് ചികിത്സ നൽകുന്നത്. ശരീരത്തിൽ ബഹുഭൂരിപക്ഷം ഭാഗത്തും തീപൊള്ളലേറ്റ യുവതി രക്ഷപ്പെടാന്‍ നേരിയ സാധ്യത മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ ബോര്‍ഡിന്‍റെ പരിശോധനക്കു ശേഷമാണ് ഡോ സുനില്‍ ഗുപ്ത ഇക്കാര്യങ്ങളറിയിച്ചത്. യുവതി ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്. ഇന്നലെ രാത്രിയോടെയാണ് ഇവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. ഈ കേസിന്‍റെ വിചാരണയ്ക്കായി പോയ യുവതിയെ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. കേസിൽ
മുഖ്യ പ്രതി ശിവം ത്രിവേദി ഉൾപ്പടെ അഞ്ച് പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഉന്നാവ് എസ്‍പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. യുവതിയുടെ ചികിത്സാ ചെലവ് വഹിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam