
ബെംഗളുരു: ആറ് യാത്രക്കാരുമായി ലക്ഷ്യ സ്ഥാനത്തേക്ക് പോകാന്‍ മടി, യാത്രക്കാരെ തന്ത്രപരമായി വിമാനത്തിന് പുറത്തെത്തിച്ച് വഞ്ചിച്ച് വിമാനക്കമ്പനി. പ്രായമായ യാത്രക്കാരടക്കം ആറ് യാത്രക്കാരാണ് ഞായറാഴ്ച രാത്രി ബെംഗളുരു വിമാനത്താവളത്തിൽ കുടുങ്ങിയത്. അമൃത്സറിൽ നിന്ന് ബെംഗളുരു വഴി ചെന്നൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ ആറ് യാത്രക്കാരാണ് വിമാനക്കമ്പനിക്കെതിരെ ഗുരുതര ആരോപണം ഉയർത്തിയിരിക്കുന്നത്. ഞായറാഴ്ച രാത്രി 9.30ഓടെയാണ് വിമാനം ബെംഗളുരുവിലെത്തിയത്.
ബെംഗളുരുവിലേക്കുള്ള യാത്രക്കാര് ഇറങ്ങിയതിന് പിന്നാലെ ചെന്നൈയിലേക്കായി വിമാനത്തിലുണ്ടായിരുന്നത് ആറ് യാത്രക്കാരായിരുന്നു. ഇവരെ വിമാനക്കമ്പനിയുടെ ഗ്രൌണ്ട് ഡ്യൂട്ടി ജീവനക്കാർ ചെന്നൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ ബോർഡിംഗ് പാസ് അടക്കം തയ്യാറാണ് എന്ന് വിശദമാക്കിയാണ് വിമാനത്തിൽ നിന്ന് വിമാനത്താവളത്തിലെത്തിക്കുന്നത്. എന്നാല്‍ നിലത്ത് എത്തിയപ്പോഴാണ് വളരെ കുറവ് ആളുകളുമായി യാത്ര പുറപ്പെടാനുള്ള മടി മൂലമാണ് ഇത്തരമൊരു ക്രൂരത വിമാന കമ്പനി ചെയ്തതെന്ന് യാത്രക്കാര്‍ മനസിലാക്കുന്നത്.
രാത്രിയിൽ മറ്റ് വിമാനങ്ങള്‍ ഇല്ലാതെ വന്നതോടെ ഞായറാഴ്ച ഇവർക്ക് ബെംഗളുരുവിൽ തങ്ങേണ്ടതായി വരികയായിരുന്നു. യാത്രക്കാർക്ക് താമസ സൌകര്യം ഒരുക്കാന്‍ പോലും വിമാനക്കമ്പനി തയ്യാറായില്ലെന്നാണ് ആരോപണം. ഇന്‍ഡിഗോ 6ഇ478 വിമാനത്തിലെ യാത്രക്കാരാണ ഗുരുതര ആരോപണവുമായി എത്തിയിട്ടുള്ളത്. എന്നാല്‍ താമസ സൌകര്യം നൽകിയില്ലെന്ന ആരോപണം ഇന്‍ഡിഗോ നിഷേധിച്ചു.
യാത്രക്കാർക്ക് തിങ്കളാഴ്ച വിവിധ വിമാനങ്ങളിലായി ടിക്കറ്റ് നൽകിയെന്നും ഇൻഡിഗോ വിശദമാക്കുന്നത്. രണ്ട് യാത്രക്കാർക്ക് 13 കിലോമീറ്റർ അകലെയുള്ള ഒരു ഹോട്ടലില്‍ താമസം നൽകിയെന്നും മറ്റുള്ളവർ എയർപോർട്ടിലെ ലോഞ്ചില്‍ തന്നെ തുടരുകയാണെന്ന് അറിയിക്കുകയായിരുന്നെന്നുമാണ് ഇന്‍ഡിഗോ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam