
ദില്ലി: ഉത്തർപ്രദേശിൽ രണ്ട് യാത്രക്കാർക്ക് നമസ്‌കരിക്കാൻ ബസ് രണ്ട് മിനിറ്റ് നിർത്തികൊടുത്ത സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് കണ്ടക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ആത്മഹത്യ ചെയ്തതെന്നും മനുഷ്യത്വത്തിന് പകരം ജീവൻ നൽകേണ്ടി വന്നെന്നും കുടുംബം പറഞ്ഞു. കണ്ടക്ടറായിരുന്ന മോഹിത് യാദവാണ് ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യ ചെയ്തത്.
ജൂണിലായിരുന്നു വിവാദ സംഭവം. ബറേലി-ദില്ലി ജനരഥ് ബസ് ഹൈവേയിലാണ് ഇദ്ദേഹം രണ്ട് യാത്രക്കാർക്ക് നമസ്കരിക്കാനായി രണ്ട് മിനിറ്റ് നിർത്തിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതിന് പിന്നാലെ കരാർ തൊഴിലാളിയായിരുന്നു ഇദ്ദേഹത്തെ പിരിച്ചുവിട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇദ്ദേഹം തിങ്കളാഴ്ച മെയിൻപുരിയിൽ ട്രെയിനിന് മുന്നിൽ ചാടിയതെന്ന് പൊലീസ് പറഞ്ഞു. മോഹിത് യാദവ് മൂത്തയാളായിരുന്നു. എട്ട് പേരടങ്ങുന്ന കുടുംബത്തിന്റെ താങ്ങായിരുന്നു മോഹിത്. 17,000 രൂപയായിരുന്നു ശമ്പളം ലഭിച്ചിരുന്നത്. യുപിആർടിസി പിരിച്ചുവിട്ടശേഷം പലയിടത്തും അപേക്ഷിച്ചെങ്കിലും ജോലി ലഭിച്ചില്ല.
ഉത്തർപ്രദേശ് ഗതാഗത വകുപ്പ് തന്റെ ഭർത്താവിന്റെ അപേക്ഷകൾക്ക് ചെവികൊടുത്തില്ലെന്ന് മോഹിത് യാദവിന്റെ ഭാര്യ റിങ്കി യാദവ് ആരോപിച്ചു. ഭർത്താവ് ബറേലിയിലെ റീജിയണൽ മാനേജരെ വിളിക്കാറുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ വാദത്തിന് അധികൃതർ ചെവി കൊടുത്തില്ല. തന്റെ ഭാഗം പോലും കേൾക്കാതെ കരാർ അവസാനിപ്പിച്ചു. ജോലി നഷ്ടപ്പെട്ടതിൽ അദ്ദേഹം വിഷാദനായിരുന്നു. എന്റെ ഭർത്താവ് മനുഷ്യത്വത്തിന്റെ വിലയായി സ്വന്തം ജീവൻ നൽകിയെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജൂണിലാണ് സംഭവമുണ്ടായത്. യാത്രക്കിടെ രണ്ട് യാത്രക്കാർ നമസ്കരിക്കണമെന്ന ആവശ്യം ഉന്നയിച്ചു. തുടർന്ന് കണ്ടക്ടർ അനുവാദം നൽകി. നമസ്കരിക്കാനായി രണ്ട് മിനിറ്റ് നിർത്തികൊടുത്തു. ഹിന്ദുക്കളും മുസ്ലീങ്ങളും പ്രശ്നമില്ലെന്നും രണ്ട് മിനിറ്റ് ബസ് നിർത്തിയാൽ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം യാത്രക്കാരോട് പറഞ്ഞു. എന്നാൽ, യാത്രക്കാരിലൊരാൾ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതോടെ വിവാദമായി. ഇതിന് തൊട്ടുപിന്നാലെ മോഹിത് യാദവിനെയും ബസ് ഡ്രൈവറെയും യുപി ഗതാഗത വകുപ്പ് യാതൊരു അറിയിപ്പും കൂടാതെ സസ്പെൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam