
ദില്ലി: 'ഐ ലവ് മുഹമ്മദ്' കാമ്പയിനിനെ പിന്തുണച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ മേധാവി തൗഖീർ റാസയെ ശനിയാഴ്ച യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ബറേലിയിലെ സംഘർഷങ്ങൾക്ക് പിന്നാലെയാണ് നടപടി. കാമ്പയിനിനെ പിന്തുണച്ച് വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം റാസയുടെ വീടിന് പുറത്ത് ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 'ഐ ലവ് മുഹമ്മദ്' കാമ്പയിനിനെ പിന്തുണച്ച് പ്രകടനം നടത്തിയ പ്രതിഷേധക്കാരുടെ കല്ലേറിനെ തുടർന്ന് പൊലീസ് ലാത്തി ചാർജ് നടത്തി. ഏറ്റുമുട്ടലിൽ 10 പോലീസുകാർക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ പറഞ്ഞു. റാസയുടെ വീടിന് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നതും മുദ്രാവാക്യങ്ങൾ ഉയർത്തുന്നതും ഐ ലവ് മുഹമ്മദ് എന്ന് എഴുതിയ പ്ലക്കാർഡുകളുമേന്തി നിൽക്കുന്നതും വീഡിയോകളിൽ കാണാമെന്നും ബറേലിയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കുറഞ്ഞത് എട്ട് പേരെ അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.
50 ലധികം പേരെ കസ്റ്റഡിയിലെടുത്തു. തിരിച്ചറിയാത്ത 1,700 പേർക്കെതിരെ കലാപം, സർക്കാർ ജോലി തടസ്സപ്പെടുത്തൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. ബറേലിയിലെ സാധാരണ ജീവിതം തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഉന്നത ഉദ്യോഗസ്ഥർ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് 'ഐ ലവ് മുഹമ്മദ്' എന്ന പോസ്റ്ററിനെച്ചൊല്ലി ആരംഭിച്ച വിവാദമാണ് സംഘർഷത്തിൽ കലാശിച്ചത്. ഉത്തർപ്രദേശിലെ മൗവിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം നടന്ന പ്രതിഷേധത്തിനിടെ അക്രമം നടന്നു. വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ചില പ്രകടനക്കാർ കല്ലെറിഞ്ഞു. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തി. 'ഐ ലവ് മുഹമ്മദ്' കാമ്പെയ്‌നിനെ പിന്തുണച്ചും എതിര്‍ത്തും പ്രതിഷേധങ്ങൾ രാജ്യമെമ്പാടും വ്യാപിച്ചു. ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലെ ഒരു ഗ്രാമത്തിൽ കല്ലേറുണ്ടായി. കർണാടകയിലെ ദാവൻഗെരെയിൽ 'ഐ ലവ് മുഹമ്മദ്' എന്ന വാചകം എഴുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഉത്തർപ്രദേശിലെ ഉന്നാവോ, മഹാരാജ്ഗഞ്ച്, ലഖ്‌നൗ, കൗശാമ്പി എന്നിവിടങ്ങളിലും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
സെപ്റ്റംബർ 4 ന് ഉത്തർപ്രദേശിലെ കാൺപൂരിൽ നബിദിന ഘോഷയാത്രയ്ക്കിടെ, വഴിയരികിൽ ടെന്റിൽ 'ഐ ലവ് മുഹമ്മദ്' എന്ന പോസ്റ്റർ സ്ഥാപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. രാമനവമി പോലുള്ള ഹിന്ദു ഉത്സവങ്ങൾ ആഘോഷിക്കുന്ന സ്ഥലത്ത് മനഃപൂർവ്വം പോസ്റ്റർ സ്ഥാപിച്ചതാണെന്ന് പ്രാദേശിക ഹിന്ദു സംഘടനകൾ ആരോപിച്ചു. താമസിയാതെ, രണ്ട് സമുദായങ്ങൾക്കിടയിൽ സംഘർഷം ഉടലെടുത്തു. പ്രവാചകനോടുള്ള സ്നേഹം പ്രകടിപ്പിച്ചതിനാണ് തങ്ങളെ ലക്ഷ്യമിട്ടതെന്ന് മുസ്ലീം നേതാക്കള്‍ ആരോപിച്ചു. വാരണാസിയിൽ 'ഐ ലവ് മുഹമ്മദ്' പോസ്റ്ററുകൾക്കെതിരെ 'ഐ ലവ് മഹാദേവ്' പ്ലക്കാർഡുകളുമായി ഹിന്ദു മതനേതാക്കൾ പ്രതിഷേധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam