'മുഗളന്മാര്‍ എങ്ങനെ നമ്മുടെ നായകരാകും', ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റി ആദിത്യനാഥ്

By Web TeamFirst Published Sep 15, 2020, 1:57 PM IST
Highlights

മുഗള്‍ സാമ്രാജ്യത്വ ചരിത്രം വ്യക്തമാക്കാന്‍ നിര്‍മ്മിക്കുന്ന മ്യൂസിയത്തിന് ഛത്രപതി ശിവജി മ്യൂസിയമെന്ന പേര് പ്രഖ്യാപിച്ച് ആദിത്യനാഥ്
 

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിര്‍മ്മിക്കുന്ന മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റി മുഖ്യമന്ത്രി ആദിത്യനാഥ്. മറാത്ത രാജാവ് ചത്രപതി ശിവജി മഹാരാജിവിന്റെ പേരാണ് പകരം മ്യൂസിയത്തിന് നല്‍കിയിരിക്കുന്നത്. 'എങ്ങനെയാണ് മുഗളന്മാര്‍ നമ്മുടെ നായകന്മാരാകുന്നത്' - എന്നാണ് മ്യൂസിയത്തിന്റെ പേര് മാറ്റിക്കൊണ്ട് ആദിത്യനാഥ് ചോദിച്ചത്. 

തിങ്കളാഴ്ച, ആഗ്രയിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ യോഗത്തിലാണ് മ്യൂസിയത്തിന്റെ പേര് മാറ്റാനുള്ള തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അധീശത്വമനോഭാവത്തോടെയുള്ള എന്തിനെയും ബിജെപി സര്‍ക്കാര്‍ ദൂരെക്കളയുമെന്നും ആദിത്യനാഥ് പറഞ്ഞു. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന ഭരണത്തിനിടെ നിരവധി പുനര്‍നാമകരണങ്ങളാണ് ആദിത്യനാഥ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. അലഹബാദിനെ പ്രയാഗ്‌രാജെന്ന് മാറ്റിയത് വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. 

2015 ല്‍ അന്നത്തെ സമാജ്വാദി സര്‍ക്കാരാണ് മുഗള്‍ മ്യൂസിയത്തിന് അനുമതി നല്‍കിയത്. താജ്മഹലിന് സമീപത്ത് ആറ് ഏക്കര്‍ ഭൂമിയിലാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. മുഗള്‍ കാലത്തെ സംസ്‌കാരം, കല, ചിത്രരചന, ആഹാര രീതികള്‍, വസ്ത്രധാരണം, ആയുധങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്നതാണ് മ്യൂസിയം. 

click me!