
ലഖ്‌നൗ: സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവിന്റെ മകൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ കടുത്ത നടപടിയുമായി ഉത്തർപ്രദേശ് സർക്കാർ. ഉത്തർപ്രദേശിലെ അസംഗഢിൽ 955 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ വിഷയം പരസ്യമായി അപലപിച്ചത്. പെൺമക്കൾക്കെതിരെയുള്ള ആക്ഷേപകരവും മോശവുമായ പരാമർശങ്ങൾ ഒരിക്കലും അംഗീകരിക്കാനും ക്ഷമിക്കാനും കഴിയാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അഖിലേഷ് യാദവിന്റെ മകൾക്കെതിരെയുള്ള സൈബർ ആക്രമണം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ കർശന നടപടിയെടുക്കാൻ യോഗി ആദിത്യനാഥ് പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ മകളെ ലക്ഷ്യമിട്ട് വ്യാജവും ദോഷകരവുമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിപ്പിച്ചതിന് മൂന്ന് വ്യക്തികൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സമാജ്‌വാദി പാർട്ടി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാൺപൂർ പൊലീസ് കമ്മിഷണറേറ്റിലെ സൈബർ സെല്ലിലാണ് എഫ്ഐആർ രേഖപ്പെടുത്തിയത്.
ചില ഉപയോക്താക്കൾ അഖിലേഷ് യാദവിന്റെ മകളുടെ ചിത്രം എക്‌സിൽ പങ്കുവെച്ച് മോശം പരാമർശങ്ങൾ നടത്തിയതായാണ് പരാതി. ഈ ചിത്രം മോർഫ് ചെയ്തതാണെന്നും ഇതിനൊപ്പമുള്ള അവകാശവാദങ്ങൾ തികച്ചും വ്യാജവും മനഃപൂർവ്വം അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതുമാണെന്ന് വ്യക്തമായിട്ടുണ്ട്. "പെൺമക്കൾ ആരുടേതായാലും പെൺമക്കൾ തന്നെയാണ്. ഒരു ഗ്രാമത്തിലെ പെൺകുട്ടി എല്ലാവരുടെയും മകളും സഹോദരിയുമാണെന്ന മൂല്യങ്ങളോടെയാണ് നമ്മൾ വളർന്നത്. അതിൽ വിവേചനം കാണിക്കാറില്ല,' എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതോടൊപ്പം അഖിലേഷ് യാദവിന് ഒരു ഉപദേശവും യോഗി നൽകി. മുതിർന്ന നേതാക്കൾക്കും സ്ത്രീക്കും പ്രായമായവർക്കും എതിരെ മോശമായി പെരുമാറുന്ന സ്വന്തം പാർട്ടി പ്രവർത്തകരെയും അനുയായികളെയും അച്ചടക്കം പഠിപ്പിക്കാനും നിയന്ത്രിക്കാനും അഖിലേഷ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. "അഖിലേഷ് ജി, നിങ്ങൾ മറ്റുള്ളവർക്ക് ഉപദേശം നൽകുന്നു, എന്നാൽ നിങ്ങളുടെ അനുയായികളും പ്രവർത്തകരും ഭാഷയിൽ നിയന്ത്രണം പാലിക്കുന്നുണ്ടെന്ന് കൂടി നിങ്ങൾ ഉറപ്പാക്കണം. നിങ്ങളുടെ ആളുകളെ നിങ്ങൾ തന്നെ പഠിപ്പിക്കുന്നതാണ് നല്ലത്. അവർക്ക് മനസ്സിലാകുന്നില്ലെങ്കിൽ അവരെ ഞങ്ങൾക്ക് കൈമാറൂ, ഞങ്ങൾ അവരെ ശരിയായ രീതിയിൽ മനസ്സിലാക്കിക്കൊള്ളാം," എന്നും സമാജ്‌വാദി പാർട്ടിയുടെ ഗുണ്ടാ സംസ്‌കാരത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam