
ദില്ലി : രാജ്യം ഉറ്റുനോക്കുന്ന ഉത്തർപ്രദേശ് (Uttar Pradesh) നിയമസഭാ തെരഞ്ഞെടുപ്പിലെ (Uttar Pradesh Election) രാഷ്ട്രീയ ചിത്രം തെളിയുന്നു. ബിജെപിക്കെതിരെ (BJP) എന്നാവർത്തിക്കുമ്പോഴും ഭിന്നത തുടരുന്ന പ്രതിപക്ഷം വിഘടിച്ച് മത്സരിക്കുമെന്ന് ഏതാണ്ടുറപ്പായി. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുൻ മുഖ്യമന്ത്രി മായാവതി നയിക്കുന്ന ബിഎസ്പിയും കോൺഗ്രസും ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളുമായി സഖ്യമുണ്ടാക്കിയ എസ് പിക്ക് സിപിഎമ്മും പിന്തുണ പ്രഖ്യാപിച്ചു.
2007 ലാണ് മായാവതി യുപിയിലെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. അതേ തെരഞ്ഞെടുപ്പ് ഫലം 2022 ലും ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് മായാവതി. ഇത്തവണ ഒറ്റയ്ക്ക് ബിഎസ്പി ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് മായാവതിയുടെ അവകാശവാദം. കഴിഞ്ഞ ലോക്സഭയിൽ മായാവതിയും അഖിലേഷ് യാദവും സഖ്യത്തിൽ മത്സരിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എസ്പി- കോൺഗ്രസ് സഖ്യവും വിജയമായില്ല. ഇത്തവണ അഖിലേഷ് യാദവ് അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. പശ്ചിമ യുപിയിൽ സഖ്യം അഖിലേഷിനെ സഹായിക്കും. എന്നാൽ 20 ശതമാനം വോട്ട് ഏത് തെരഞ്ഞെടുപ്പിലും കിട്ടുന്ന ബിഎസ്പി ചോർത്തുന്നത് അഖിലേഷിന്റെ വോട്ടുകളാകും. കോൺഗ്രസും യുപിയിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് വ്യക്തമാക്കി. ബിജെപിയെ പരാജയപ്പെടുത്തുന്നതിനുള്ള തന്ത്രമുണ്ടാകുമെന്നാണ് പാർട്ടി വിശദീകരിക്കുന്നത്.
അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നിൽ നിർത്തിയാണ് ഇത്തവണയും ബിജെപിയുടെ പ്രചാരണം. സർവ്വെകൾ ബിജെപിക്ക് നൽകുന്നത് നാല്പതു ശതമാനം വോട്ടുകളാണ്. ബാക്കിയുള്ള അറുപത് ശതമാനം ഭിന്നിക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ്. ഇത്തവണയും പ്രതിപക്ഷം ഭിന്നിച്ചാണ് മത്സരിക്കുന്നതെങ്കിൽ അതുസാധ്യമാകുമെന്നാണ് ബിജെപിയുടെ വിശ്വസിക്കുന്നത്. സംസ്ഥാനത്ത് നരേന്ദ്ര മോദിയെ തന്നെ മുന്നിൽ നിറുത്തി പ്രചാരണത്തിനാണ് ബിജെപി തീരുമാനം. യോഗി ആദിത്യനാഥിന് ജനപിന്തുണ നേടാനായിട്ടുണ്ടെങ്കിലും ഒബിസി, ബ്രാഹ്മണ സമുദായങ്ങൾക്കിടയിൽ എതിർപ്പുണ്ടെന്നാണ് വിലയിരുത്തൽ. ഇത് മറികടക്കാൻ മോദിക്ക് മാത്രമേ സാധിക്കുകയുള്ളു എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.