
ലഖ്നൗ: കുടിക്കാനൊരുതുള്ളി വെള്ളമില്ല, ഞങ്ങളെ മരിക്കാന്‍ അനുവദിക്കണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആത്മഹത്യ ചെയ്യാന്‍ അനുമതിതേടി ഒരു കുടുംബം. ഉത്തർപ്രദേശിലെ ഹത്‌റസ് ജില്ലിയിലെ ചന്ദ്രപാല്‍ സിംഗ് എന്ന കര്‍ഷകനും അയാളുടെ കുടുംബവുമാണ് ആത്മഹത്യ ചെയ്യാൻ അനുമതി തേടി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ചന്ദ്രപാല്‍ സിംഗ് താമസിക്കുന്ന ഹാസ്യാൻ എന്ന പ്രദേശത്ത് ഉപ്പു രസമുള്ള വെള്ളമാണ് ലഭിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ചന്ദ്രപാല്‍ നിരവധി തവണ അധികൃതരെ സമീപിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല. ഇതോടെയാണ് അദ്ദേഹവും മൂന്ന് പെണ്‍മക്കളും അടങ്ങുന്ന കുടുംബം പ്രധാനമന്ത്രിക്ക് കത്തയച്ചത്.
'ഞങ്ങൾക്ക് ഈ വെള്ളം കുടിക്കാൻ സാധിക്കില്ല. എന്റെ മക്കൾ വെള്ളം കുടിച്ച ശേഷം അതേപടി തുപ്പിക്കളയുകയാണ്. വെള്ളത്തിലെ അമിതമായ ഉപ്പിന്റെ സാന്നിധ്യം മൂലം കാർഷിക വിളകളെല്ലാം നശിക്കുകയാണ്. കുടുംബത്തിന് കുപ്പി വെള്ളം വാങ്ങിനൽകാനുള്ള പ്രാപ്തി എനിക്കില്ല. തന്റെ പരാതികൾ അധികാരികൾ മുഖവിലയ്ക്കെടുക്കുന്നില്ല. അതുകൊണ്ട് എന്റെയും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളുടെയും ജീവിതം അവസാനിപ്പിക്കാൻ പ്രധാനമന്ത്രിയോട് അനുവാദം തേടിയിരിക്കുകയാണ്'- ചന്ദ്രപാല്‍ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം ഉപ്പിന്റെ അളവ് കുടുതലായതിനാൽ മൃഗങ്ങള്‍ പോലും വെള്ളം കുടിക്കുന്നില്ലെന്നും നാല് കിലോമീറ്ററോളം നടന്നു വേണം ശുദ്ധജലം കൊണ്ടു വരാനെന്നും പ്രദേശവാസികൾ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam