
ദില്ലി: ഹഥ്രാസ് സംഭവത്തിലെ പൊലീസിന്റെ സംശയാസ്പദമായ നടപടി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും ബിജെപിയുടെയും പ്രതിഛായയ്ക്ക് ക്ഷതമേല്‍പ്പിച്ചുവെന്ന് മുതിര്ന്ന ബിജെപി നേതാവ് ഉമാ ഭാരതി. ഹഥ്രാസ് പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഉമഭാരതിയുടെ പ്രതികരണം. സംഭവത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയ പൊലീസുകാരെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന് മുഖ്യമന്ത്രി ആദിത്യനാഥിനോട് ഉമാ ഭാരതി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ഒമ്പത് ട്വീറ്റുകളാണ് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ഉമാ ഭാരതി നടത്തിയത്. മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും പ്രത്യേകിച്ച് പ്രതിപക്ഷത്തെയും ഹഥ്രാസ് പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാന്‍ അനുവദിക്കണമെന്നും ഉമാ ഭാരതി മുഖ്യമന്ത്രി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.
'' ദളിത് കുടുംബത്തിലെ മകളാണ് അവള്‍. ദൃതി പിടിച്ച് അവളുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ചു. ഇപ്പോള്‍ ഗ്രാമത്തിലെ പൊലീസും പെണ്‍കുട്ടിയുടെ കുടുംബവും ഉപരോധത്തിലാണ്. '' ഉമാ ഭാരതി കുറിച്ചു.
'' ഒന്നും പറയേണ്ടെന്നും നിങ്ങള്‍ നടപടിയെടുക്കുമെന്നുമാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍ പൊലീസ് ആ ഗ്രാമവും കുടുംബവും വളഞ്ഞിരിക്കുകയാണ്....''
'' എസ്‌ഐടി അന്വേഷിക്കുന്നതിനാല്‍ ആ പെണ്‍കുട്ടിയുടെ കുടുംബം ആരെയും കാണാതിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമം ഏതാണെന്ന് എനിക്ക് അറിയില്ല. എസ്‌ഐടിയുടെ അന്വേഷണത്തെ തന്നെ സംശയത്തിന്റെ മുനയില്‍ നിര്‍്ത്തുന്നതാണ് ഈ നടപടി''
'' രാമരാജ്യം കൊണ്ടുവരുമെന്ന് അവകാശപ്പെട്ട് നമ്മള്‍ രാമക്ഷേത്രത്തിന് തറക്കല്ലിട്ടിരിക്കുകയാണ്. എന്നാല്‍ പൊലീസിന്റെ ഈ നടപടിയോടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും ബിജെപിയുടെയും പ്രതിഛായക്ക് ഇടിവ് സംഭവിച്ചിരിക്കുന്നു'' - ഉമാ ഭാരതി വിവിധ ട്വീറ്റുകളിലായി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam