
ലഖ്നൗ: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഇത് സംബന്ധിച്ച് യുപി സര്‍ക്കാര്‍ കേന്ദ്ര ആഭ്യനന്തരമന്ത്രാലയത്തിന് കത്തെഴുതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപിയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പോപ്പുലർ ഫ്രണ്ടിനെ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) നിരോധിക്കാൻ തയാറെടുക്കുന്നത്.
സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചതായി യുപി ഡിജിപി ഒ.പി സിംഗ് അറിയിച്ചു. ഡിസംബര്‍ 19ന് യു.പിയില്‍ നടന്ന വിവിധ അക്രമ സംഭവങ്ങളില്‍ പിഎഫ്ഐയുടെ പങ്ക് വ്യക്തമായ സ്ഥിതിക്കാണ് ഈ നിലപാട് എന്നാണ് യുപി സര്‍ക്കാര്‍ പറയുന്നത്.
സിമിയുടെ (സ്റ്റുഡന്റസ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) മറ്റൊരു രൂപമാണ് പിഎഫ്ഐയെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. സംസ്ഥാനത്തെ വിധ്വംസക പ്രവർത്തനങ്ങളിലെ പിഎഫ്ഐയുടെ പങ്ക് വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിലൂടെ സത്യം വെളിപ്പെടും. സിമി ഏതു രൂപത്തിൽ പ്രത്യക്ഷപ്പെട്ടാലും അതിനെ തകർക്കുമെന്നും മന്ത്രി പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. ഇത്തരം സംഘടനകളെ വളരാൻ അനുവദിക്കില്ല. ആവശ്യമായി വന്നാൽ അവയെ നിരോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ തന്നെ യുപിയില്‍ സിഎഎ സംബന്ധിച്ച നടത്തിയ പ്രക്ഷോഭങ്ങളുടെ പേരില്‍ പിഎഫ്ഐ യുപി സംസ്ഥാന പ്രസിഡന്റ് വസീം അഹമ്മദ് അടക്കം മൂന്നുപേരെ യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നവംബര്‍ 22,2006ന് ദില്ലിയില്‍ വച്ചാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam