കൊവിഡ് പരിശോധിക്കാതെ വന്നാല്‍ മുസ്ലീങ്ങള്‍ക്ക് ചികിത്സയില്ല'; പരസ്യവുമായി യുപി ആശുപത്രി

By Web TeamFirst Published Apr 19, 2020, 5:50 PM IST
Highlights

ഏപ്രില്‍ 17ന് വന്ന പരസ്യത്തില്‍ എന്തെങ്കിലും അടിയന്തര സാഹചര്യത്തില്‍ വരുന്ന രോഗിയാണെങ്കില്‍ ആശുപത്രി അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുമെന്നും അതിന് 4,500 രൂപ ഈടാക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.

മീററ്റ്: മുസ്ലീങ്ങള്‍ക്ക് ചികിത്സ നിഷേധിക്കുന്ന പത്രപരസ്യവുമായി യുപിയിലെ ആശുപത്രി. കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന ഫലവുമായി വരാത്ത മുസ്ലീങ്ങള്‍ക്ക് ചികിത്സ നല്‍കാനാവില്ലെന്നാണ് മീററ്റിലെ വാലന്റിസ് കാന്‍സര്‍ ആശുപത്രി ഹിന്ദി ദിനപത്രത്തില്‍ പരസ്യം നല്‍കിയത്. രോഗിയെ കൂടാതെ കൂടെ എത്തുന്നവരും കൊവിഡ് ബാധിച്ചിട്ടില്ലെന്ന പരിശോധനാഫലവുമായി എത്തിയില്ലെങ്കില്‍ ആശുപത്രി അവരെ സ്വീകരിക്കില്ലെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു.

ദില്ലിയില്‍ നടന്ന തബ്ലീഗ് ജമാഅത്ത് മതസമ്മേളനമാണ് രാജ്യത്ത് വൈറസ് പടര്‍ത്തിയതെന്നും ആശുപത്രി ആരോപിക്കുന്നു. 11 പോയിന്റുകള്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രി പത്രത്തില്‍ പരസ്യം നല്‍കിയത്. ഏപ്രില്‍ 17ന് വന്ന പരസ്യത്തില്‍ എന്തെങ്കിലും അടിയന്തര സാഹചര്യത്തില്‍ വരുന്ന രോഗിയാണെങ്കില്‍ ആശുപത്രി അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുമെന്നും അതിന് 4,500 രൂപ ഈടാക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.

അത്തരത്തിലുള്ള ഒരു പരസ്യം നല്‍കിയതിന് ആശുപത്രിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജയ്പ്രകാശം ദി ഹിന്ദുവിനോട് പറഞ്ഞു. ഒരു മതേതരരാജ്യത്ത് ഇത്തരത്തിലുള്ള വേര്‍തിരിവുകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വിശ്വസനീയമായ ഒരു മറുപടി ലഭിച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
 

click me!