വധുവിന്‍റെ വീട്ടിലേക്ക് 100 കി.മി സൈക്കിള്‍ ചവിട്ടിയെത്തി യുവാവ്; വിവാഹ ശേഷം മടക്കവും സൈക്കിളില്‍

By Web TeamFirst Published May 1, 2020, 7:48 PM IST
Highlights

100 കി.മി സൈക്കിളിൽ സഞ്ചരിച്ച് വധുവിന്റെ വീട്ടിലെത്തി കല്യാണം നടത്തി യുവതിയുമായി അതേ സൈക്കിളിൽ തന്നെ യുവാവ് തന്‍റെ വീട്ടിലേക്ക് മടങ്ങി.

ലക്നൗ: ഏപ്രില്‍ 25ന് ആയിരുന്നു ഉത്തര്‍ പ്രദേശുകാരനായ കൽകു പ്രജാപതി എന്ന 23 കാരനും മഹൂബ ജില്ലയിലെ പുനിയ ഗ്രാമത്തിലെ റിങ്കിയും തമ്മില്‍ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് കൊറോണ വൈറസ് പിടിപെട്ട് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പറഞ്ഞ തീയതിക്ക് വിവാഹം നടത്തുക എന്നത് വെല്ലുവിളിയായി. ഒടുവില്‍ പറഞ്ഞുറപ്പിച്ച കല്യാണം മുടങ്ങാതിരിക്കാൻ  100 കിലോമീറ്റർ സൈക്കിൾ ചവിട്ടി കൽകു പ്രജാപതി വധുവിന്‍റെ വീട്ടിലെത്തി.

ഹോമിർപുർ ജില്ലയിലെ പൗതിയ ഗ്രാമത്തിൽനിന്നുള്ള കൽകു പ്രജാപതി ഏപ്രിൽ 25ന് വിവാഹം നടത്തുന്നതിന് അധികൃതരിൽനിന്ന് അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ സൈക്കിളിൽ കല്യാണയാത്രയ്ക്ക് ഇറങ്ങുകയായിരുന്നു. സൈക്കിളിൽ വധുവിന്റെ വീട്ടിലെത്തി കല്യാണം നടത്തി യുവതിയുമായി അതേ സൈക്കിളിൽ തന്നെ യുവാവ് തന്‍റെ വീട്ടിലേക്ക് മടങ്ങി.

യുപിയുടെ തലസ്ഥാനമായ ലക്നൗവിൽനിന്ന് 230 കിലോമീറ്റർ അകലെ മഹൂബ ജില്ലയിലെ പുനിയ ഗ്രാമത്തിലാണ് വധു റിങ്കിയുടെ വീട്.  വിവാഹം നടത്തുന്നതിനായി ഇവിടേക്ക് പോകാനായി പൊലീസിൽനിന്ന് അനുമതി ലഭിച്ചിരുന്നില്ല. അതുകൊണ്ടു സൈക്കിൾ ചവിട്ടി പോകുകയല്ലാതെ മറ്റു മാര്‍ഗം ഇല്ലായിരുന്നു– പ്രജാപതി വാർത്താ ഏജൻസിയായ പിടിഐയോടു വ്യക്തമാക്കി.  മാസങ്ങൾക്കു മുൻപാണ് പ്രജാപതിയുടെയും റിങ്കിയുടെയും വിവാഹം ഉറപ്പിച്ചത്. 

വീട്ടില്‍ ബൈക്കുണ്ട്, പക്ഷേ ലൈസൻസ് ഇല്ല.  സൈക്കിളാവുമ്പോള്‍ മറ്റ് നിയമപ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. ജീൻസും ടീ ഷർട്ടും ധരിച്ച് മുഖം തൂവാല കൊണ്ടു മറച്ചാണ് യാത്ര പുറപ്പെട്ടത്. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച ശേഷം ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ലോക്ഡൗൺ അവസാനിച്ചശേഷം ഗ്രാമവാസികൾക്കു ഭക്ഷണം നല്‍കാൻ ആലോചിക്കുന്നുണ്ട്– പ്രജാപതി പറഞ്ഞു.  

click me!