ബുര്‍ഖ പരാമര്‍ശം വിവാദമായി; വിശദീകരണവുമായി ഉത്തര്‍പ്രദേശ് മന്ത്രി

By Web TeamFirst Published Mar 25, 2021, 11:18 PM IST
Highlights

പൈശാചികമായ സമ്പ്രദായമാണെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് പാര്‍ലമെന്‍ററികാര്യ പ്രാദേശിക വികസന വകുപ്പ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല വിശദീകരണവുമായി എത്തുന്നത്. 

വാരണാസി: ബുര്‍ഖ ധരിക്കുന്നത് സംബന്ധിച്ച പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ഉത്തര്‍പ്രദേശ് മന്ത്രി. പൈശാചികമായ സമ്പ്രദായമാണെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് പാര്‍ലമെന്‍ററികാര്യ പ്രാദേശിക വികസന വകുപ്പ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല വിശദീകരണവുമായി എത്തുന്നത്. സ്ത്രീകള്‍ക്ക് അവരുടെ താല്‍പര്യമനുസരിച്ചുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യ വേണമെന്നാണ് പരാമര്‍ശത്തിലൂടെ പറയാന്‍ ഉദ്ദേശിച്ചതെന്നാണ് ആനന്ദ് സ്വരൂപ് ശുക്ലയുടെ വിശദീകരണം.

എല്ലാ മതങ്ങളില്‍ ഉള്ള സ്ത്രീകള്‍ക്കും എന്ത് ധരിക്കണമെന്നുള്ള സ്വാതന്ത്ര്യം വേണം. അവരില്‍ ഏതെങ്കിലും ഒരു വസ്ത്രം സമ്പ്രദായത്തിന്‍റെ പേരില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. മതനേതൃത്വം സമൂഹത്തെ 21ാം നൂറ്റാണ്ടിലേക്ക് കൊണ്ടുവരണമെന്നുമാണ് വിശദീകരണം വ്യക്തമാക്കുന്നത്. ബുധനാഴ്ച ബുര്‍ഖ ധരിക്കുന്നത് പൈശാചികമായ സമ്പ്രദായവും മനുഷ്യത്വ രഹിതമായ നടപടിയുമാണെന്നായിരുന്നു ശുക്ല വിമര്‍ശിച്ചത്.രാജ്യത്ത് ബുര്‍ഖ ധരിക്കുന്നത് വിലക്കണമെന്ന ആനന്ദ് സ്വരൂപ് ശുക്ല ആവശ്യപ്പെട്ടിരുന്നു.

ബാങ്ക് വിളിയുടെ ശബ്ദം കുറയ്ക്കാനാവശ്യപ്പെട്ട ബാല്ലിയ ജില്ലാ മജിസ്ട്രേറ്റിന്‍റെ നടപടിക്ക് പിന്നാലെയാണ് ആനന്ദ് സ്വരൂപ് ശുക്ല ബുര്‍ഖ ധരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടത്. മുസ്ലിം രാജ്യങ്ങളടക്കം ബുര്‍ഖ നിരോധിച്ചിട്ടുണ്ട്. മുത്തലാഖ് നിരോധിച്ചത് പോലെ രാജ്യത്ത് ബുര്‍ഖ ധരിക്കുന്നതും നിരോധിക്കണമെന്നാണ് ശുക്ല ആവശ്യപ്പെട്ടത്. മോസ്കുകളില്‍ നിന്നുള്ള ബാങ്കുവിളി ശബ്ദം ശല്യമുണ്ടാക്കുന്നത് പഠനത്തെ മാത്രമല്ലെന്നും യോഗ ചെയ്യുമ്പോഴും ധ്യാനിക്കുമ്പോഴും ആരാധനകള്‍ നടക്കുമ്പോഴും ശല്യമുണ്ടാക്കുന്നുണ്ടെന്നും ശുക്ല പറഞ്ഞിരുന്നു.

ഓരോ ദിവസവും അഞ്ച് നേരമാണ് നമാസ് ചെയ്യുന്നത്. പള്ളി പണിയുന്നത് സംബന്ധിച്ച അറിയിപ്പുകളും ധനശേഖരണത്തിനായുള്ള അറിയിപ്പുകളും മോസ്കില്‍ നിന്ന് ദിവസം മുഴുവന്‍ വരുന്നുണ്ട്. ബല്ലിയ മേഖലയിലെ ജനങ്ങള്‍ വലിയ അളവിലാണ് ശബ്ദ മലിനീകരണത്തിന് ഇരയാവുന്നത്. ഇത് കുട്ടികളുടേയും പ്രായമായവരുടേയും ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്നും ശുക്ല ആരോപിച്ചിരുന്നു.  ഈ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായതോടെയാണ് വിശദീകരണം.

click me!