
ലഖ്‍നൗ: ഹാഥ്റസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ പുതിയ വാദവുമായി ഉത്തര്‍പ്രദേശ് പൊലീസ്. പെണ്‍കുട്ടി ആദ്യമൊഴിയില്‍ ബലാത്സംഗം നടന്നെന്ന് പറഞ്ഞില്ലെന്നാണ് പൊലീസ് വിശദീകരണം. രണ്ടാമത്തെ മൊഴിയില്‍ ബലാത്സംഗം നടന്നെന്ന് പറഞ്ഞു. ആശുപത്രി മാറ്റാന്‍ രക്ഷിതാക്കള്‍ അനുവദിച്ചില്ലെന്നും പൊലീസ് വിശദീകരിക്കുന്നു. ഹാഥ്റസ് കൊലപാതകത്തിൽ യു പി സര്‍ക്കാര്‍ നിയോഗിച്ച എസ്ഐടി സംഘം ഇന്ന് അന്തിമ റിപ്പോര്‍ട്ട് നൽകും. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത സംഘം പെണ്‍കുട്ടി ആക്രമണത്തിന് ഇരയായ പ്രദേശവും സന്ദര്‍ശിച്ചിരുന്നു.
ഹാഥ്റസ് കേസില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഇടപെട്ടിരുന്നു. സംഭവം ഞെട്ടിച്ചുവെന്ന അഭിപ്രായത്തോടെയായിരുന്നു സുപ്രീംകോടതി കേസ് പരിഗണിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് എല്ലാ നിയമസഹായവും ഉറപ്പാക്കും, മുതിര്‍ന്ന അഭിഭാഷകന്‍റെ സേവനം ആവശ്യമെങ്കിൽ പേര് നിര്‍ദ്ദേശിച്ചാൽ അതുംപരിഗണിക്കുമെന്നും കോടതി അറിയിച്ചിരുന്നു. കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണമോ, എസ്ഐടി അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് നൂറോളം അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം ആവാമെന്ന നിലപാടാണ് യുപി സര്‍ക്കാര്‍ കോടതിയിൽ കൈക്കൊണ്ടത്.
വലിയ അക്രമങ്ങൾ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി തന്നെ സംസ്കരിച്ചതെന്ന് യുപി സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറൽ തുഷാര്‍മേത്ത വിശദീകരിച്ചിരുന്നു. കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ച കോടതി നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വിശദമായ സത്യവാങ്മൂലം നൽകാൻ യു.പി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam