
ലഖ്നൗ: കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി യുപി പൊലീസ് എസ്ടിഎഫ്. ദേശീയപാതയിലൂടെ വന്ന കന്നുകാലി കൂട്ടത്തെ ഇടിക്കാതെയിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചതിനിടെ വാഹനം അപകടത്തിൽ പെട്ടു. മറിഞ്ഞ വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ ദുബെ ആയുധം കൈക്കലാക്കി. കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും ദുബെ തയ്യാറായില്ല. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോളാണ് ദുബെയ്ക്ക് നേരെ വെടി വച്ചതെന്നും യുപി പൊലീസ് എസ്ടിഎഫ് വിശദീകരിക്കുന്നു.
പൊലീസിന്‍റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ് മരിച്ചെന്ന വിവരം ഇന്ന് രാവിലെയാണ് പുറത്തുവന്നത്. തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്. നാല് വെടിയുണ്ടകളാണ് ദുബെയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്.
ദുബെയുമായി കാൺപൂരിലേക്ക് പോവുകയായിരുന്നു പൊലീസ്. യാത്രക്കിടെയാണ് വാഹനം അപകടത്തിൽ പെട്ടത്. പലതവണ വെടിയൊച്ച കേട്ടെന്ന് നാട്ടുകാർ പറയുന്നു. എട്ട് പൊലീസുകാരെ വെടിവച്ചു കൊന്ന കൊടുംകുറ്റവാളിയാണ് ദുബെ. " അപകടത്തിൽ പരിക്കേറ്റ വികാസ് ദുബൈ പൊലീസുകാരുടെ തോക്ക് കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസുകാർ ദുബെയെ വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ദുബെ വഴങ്ങിയില്ല. പൊലീസുകാർക്കെതിരെ വെടിയുതിർത്ത ദുബെയെ ആത്മരക്ഷാർത്ഥം വെടിവയ്‍ക്കേണ്ടതായി വന്നത് " - യുപി പൊലീസ് പറയുന്നു. ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. കാൺപൂർ നഗരത്തിൽ നിന്ന് 17 കിലോമീറ്റർ അകല ബാരാ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസ് ആസൂത്രിതമായി ദുബെയെ കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപണമുയർന്നിട്ടുണ്ട്.
മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ൻ മഹാകാൾ ക്ഷേത്രത്തിൽ നിന്നും ഇന്നലെ പുലർച്ചെയാണ് വികാസ് ദുബെയെ പിടികൂടിയത്. ക്ഷേത്രപരിസരത്ത് എത്തിയ ഇയാളെ തിരിച്ചറിഞ്ഞ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച കാൺപൂരിൽ വച്ചാണ് പിടികൂടാനെത്തിയ എട്ട് പൊലീസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. ഡിവെഎസ്പിയടക്കമുള്ള പൊലീസുകാരായിരുന്നു കൊല്ലപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam