
ലഖ്നൗ: ഉത്തർപ്രദേശിൽ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 56 ആയി. 46 പേർക്ക് പരിക്കേറ്റു. മഴക്കെടുതിയിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി ആയിരത്തിലേറെ വീടുകളും തകർന്നു. വൻ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത മഴയിൽ സംസ്ഥാനത്തെ പല നഗരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. ഗംഗാ എക്സ്പ്രസ് വേയിലടക്കം വെള്ളക്കെട്ട് കാരണം ഗതാഗതം തടസപ്പെട്ടു.
വെള്ളിയാഴ്ചയും ശനിയാഴ്ചയുമായാണ് ഉത്തർപ്രദേശിൽ കനത്ത മഴ പെയ്തത്. 48 മണിക്കൂറിനിടെ 775% അധികം മഴ പെയ്തതായാണ് കണക്ക്. സാധാരണരീതിയിൽ 7.6 എംഎ മഴ ലഭിക്കേണ്ടയിടത്ത് ശരാശരി 66.5 എംഎം മഴ ലഭിച്ചു. മഴക്കെടുതിയിൽ സിതാപുർ ജില്ലയിലാണ് കൂടുതൽ മരണം സംഭവിച്ചത്. ഏഴുപേരാണ് ഇവിടെ മരിച്ചത്. ലഖിംപുർ ഖേരി, ബഹ്റായിച്ച്, ബൽറാംപുർ എന്നിവിടങ്ങളിൽ അഞ്ചുമരണങ്ങൾ വീതം റിപ്പോർട്ട് ചെയ്തു. അയോധ്യ, ഗോരഖ്പുർ ജില്ലകളിൽ നാലുപേർക്കും ജീവൻ നഷ്ടമായി.
മഴക്കെടുതിയിൽ സംസ്ഥാനത്താകെ 107 വളർത്തുമൃഗങ്ങൾ ചത്തതായാണ് കണക്ക്. 1021 വീടുകളും തകർന്നു. ഹർദോയ് ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകൾക്ക് നാശനഷ്ടമുണ്ടായത്. വിവിധ ജില്ലകളിലായി വൻതോതിൽ കൃഷിയും നശിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam