അസമിന് പിന്നാലെ നാടുകടത്താനുള്ളവരുടെ പട്ടികയുമായി ഉത്തര്‍പ്രദേശ്; വിദേശികളെ കണ്ടെത്താന്‍ നിര്‍ദേശം

By Web TeamFirst Published Oct 1, 2019, 3:20 PM IST
Highlights

ബംഗ്ലാദേശികളെയും മറ്റ് വിദേശികളെയും കണ്ടെത്തി പട്ടിക സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ജില്ല പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

ലക്നൗ: സംസ്ഥാനത്തെ അനധികൃത വിദേശികളെ കണ്ടെത്തി നാടുകടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അസമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതിന് തൊട്ടുപിന്നാലെയാണ് നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍ രംഗത്തെത്തിയത്. ബംഗ്ലാദേശികളെയും മറ്റ് വിദേശികളെയും കണ്ടെത്തി പട്ടിക സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ജില്ല പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന സുരക്ഷയുടെ ഭാഗമായാണ് വിദേശീയരെ കണ്ടെത്തി നാടുകടത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. 

സംസ്ഥാനത്തെ ബസ് സ്റ്റാന്‍റുകള്‍, ചേരികള്‍ എന്നിവയില്‍ റെയ്ഡ് നടത്താനും രേഖകളില്ലാത്തവരെ എത്രയും പെട്ടെന്ന് കണ്ടെത്താനുമാണ് നിര്‍ദേശം. വിദേശികളെ കണ്ടെത്താന്‍ മറ്റ് വകുപ്പുകളുടെ സഹായവും പൊലീസ് തേടി. വിദേശീയര്‍ക്ക് വ്യാജ പൗരത്വ രേഖകള്‍ നിര്‍മിച്ച് നല്‍കിയവ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കണ്ടെത്താനും നിര്‍ദേശം നല്‍കി. അസമില്‍ ദേശീയ പൗരത്വ പട്ടിക തയ്യാറാക്കിയ നടപടിയെ അഭിനന്ദിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. അസമിന് സമാനമായ നടപടി ഉത്തര്‍പ്രദേശിലും സ്വീകരിക്കുമെന്നും രാജ്യസുരക്ഷക്ക് ഇത്തരം നടപടികള്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

click me!