'യുപിയില്‍ നടക്കുന്നത് അരാജകത്വം'; താന്‍ ഹൗസ് അറസ്റ്റിലെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍

By Web TeamFirst Published Oct 3, 2020, 3:56 PM IST
Highlights

 ''അനീതിക്കെതിരെ പ്രതിഷേധിക്കുന്നത് തെറ്റാണോ ? എന്നെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.  എന്താണ് യുപി സര്‍ക്കാരിന് മറക്കാനുള്ളത് ? ''
 

ലക്‌നൗ: ഹത്രാസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് യുപിയിലും ദില്ലിയിലും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞിരുന്നു. ഇതിനുപിന്നാലെ ഇന്ന് വീണ്ടും ഹഥ്രാസിലേക്ക് പുറപ്പെട്ടിരിക്കുകയാണ് ഇരുവരും. എന്നാല്‍ ഇതിനിടെ യുപിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ കരുതല# തടങ്കലില്‍ വച്ചിരിക്കുകയാണ് യുപി പൊലീസ്. താന്‍ വീട്ടുതടങ്കലിലാണെന്ന് അദ്ദേഹം തന്നെയാണ് അറിയിച്ചത്. '' അരാജകത്വത്തിന്റെ എല്ലാ സീമകളും യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കടന്നിരിക്കുന്നു''വെന്ന് അദ്ദേഹം പറഞ്ഞു. 

''പുലര്‍ച്ചെ 1.30 ഓടെ പൊലീസ് എന്റെ വീട്ടിലെത്തി. അവര്‍ എന്റെ വീടിന്റെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു. എഴുന്നേറ്റ ഞാന്‍, എന്തിനാണ് നിങ്ങള്‍ എന്റെ വീട്ടില്‍ വന്നിരിക്കുന്നതെന്ന് ചോദിച്ചു. എനിക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞത്. ഒക്ടോബര്‍ 9ന് ഹസ്രത്ത്ഗഞ്ചിലെ സ്‌റ്റേഷനില്‍ ഹാജരാകണം എന്ന് ആവശ്യപ്പെട്ടു. അവര്‍ എനിക്കൊരു നോട്ടീസ് കൈമാറി. '' അജയ് കുമാര്‍ ലല്ലു എന്‍ഡിടിവിയോട് പറഞ്ഞു. ''പുലര്‍ച്ചെ നാലുമണിക്ക്, ഞാന്‍ ഹൗസ് അറസ്റ്റിലാണെന്ന് പറഞ്ഞു. അനീതിക്കെതിരെ പ്രതിഷേധിക്കുന്നത് തെറ്റാണോ ? എന്നെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.  എന്താണ് യുപി സര്‍ക്കാരിന് മറക്കാനുള്ളത് ? '' അദ്ദേഹം ചോദിച്ചു. 


 

click me!