
സൂറത്ത്: ജോലിയിൽ നിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തിൽ രണ്ട് തൊഴിലാളികൾ ചേർന്ന് ഫാക്ടറി ഉടമയടക്കം മൂന്നുപേരെ കൊലപ്പെടുത്തി. വേദാന്ത ഇൻഡസ്ട്രീസ് ഉടമയായ കൽപേഷ് ധോലാക്കിയയും അദ്ദേഹത്തിന്റെ പിതാവും അമ്മാവനും ആണ് കൊല്ലപ്പെട്ടത്. ഉടമയുമായി തർക്കമുണ്ടായതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് രണ്ട് തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം ഫാക്ടറിയിൽ എത്തിയ ഇരുവരും കൽപേഷുമായി തർക്കത്തിലേർപ്പെടുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. തടയാൻ ശ്രമിച്ചവരെയും ഇവർ കൊലപ്പെടുത്തി. കൊല നടത്തിയ ശേഷം പ്രതികൾ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. മൂന്നുപേരും ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
സംഭവത്തിൽ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. ഇവരെ ചോദ്യം ചെയ്ത വരികയാണെന്നും അന്വേഷണം നടന്നുവരികയാണെന്നും സൂറത്ത് ഡിസിപി ഹർസാദ് മേത്ത പറഞ്ഞു. പൊലീസിന് ലഭിച്ച വിവര പ്രകാരം രാത്രി ഷിഫ്റ്റിൽ കൃത്യവിലോപം കാണിച്ചതാണ് ഇവരെ പറഞ്ഞുവിടാൻ കാരണം. രാത്രി ജോലിക്കിടെ അലംഭാവം കാണിക്കുകയും ഇതുമൂലം ഉൽപാദനത്തെ ബാധിക്കുകയും ചെയ്തതോടെ ആയിരുന്നു പിരിച്ചുവിടൽ.
നൽകാനുള്ള ആനുകൂല്യങ്ങളെല്ലാം കൊടുത്ത ശേഷമായിരുന്നു ഇവരെ പറഞ്ഞുവിട്ടതെന്നും പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി സൂറത്ത് പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പ്രദേശത്തെ പ്രമുഖരായ വ്യവസായ കുടുംബത്തിന്റെ കൊലപാതകത്തെ തുടർന്ന് നിരവധി പേരാണ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്. ഇത്തരത്തിൽ ഫാക്ടറികളിലക്കം തൊഴിൽ തേടിയെത്തുന്നവരുടെ ക്രിമിനൽ പശ്ചാത്തലമടക്കം പൊലീസ് പരിശോധിക്കണമെന്ന് ബി ജെ പി എം എൽഎ കുമാർ കനാനി പൊലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ ഇരുവരും അനുശോചിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam